എംഎല്‍എ പുത്രന്മാര്‍ ക്ലബില്‍ അഴിഞ്ഞാടി
തിരുവനന്തപുരം : ലഹരി മൂത്ത എംഎല്‍എ പുത്രന്മാരുടെ പുതുവത്സരാഘോഷം ട്രിവാന്‍ഡ്രം ക്ലബില്‍ സംഘര്‍ഷം സൃഷ്ടിച്ചു. മറ്റൊരാളുടെ അതിഥിയായാണ് ഒരു എംഎല്‍എയുടെ രണ്ടു മക്കളും മറ്റൊരു എംഎല്‍എയുടെ മകനും ക്ലബിലെത്തിയത്. കോളെജ് വിദ്യാര്‍ത്ഥികളായ മൂവരും സജീവ സംഘടനാ പ്രവര്‍ത്തകരാണ്.
മദ്യ ലഹരി മൂത്തതോടെ മൂവരും അക്രമാസക്തരായി. സമാധാനപരമായി നടന്നു വന്ന പുതുവര്‍ഷാഘോഷങ്ങള്‍ അതോടെ അലങ്കോലമായി. ബീയര്‍ കുപ്പികള്‍ സിനിമാസ്റൈലില്‍ തറയിലടിച്ചു പൊട്ടിച്ച പയ്യന്‍മാര്‍ ക്ലബ് ജീവനക്കാരുമായി ഏറ്റുമുട്ടി. ഒരു ക്ലബ് അംഗത്തിന്റെ തലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ സംഘടിതരായി വിഐപി പുത്രന്മാരെ നന്നായി സല്‍ക്കരിച്ച ശേഷം പൊലീസിലേല്‍പ്പിച്ചു.
എന്നാല്‍ പയ്യന്മാരെ തിരിച്ചറിഞ്ഞ പൊലീസുകാര്‍ നടപടിയെടുക്കാതെ അവരെ പറഞ്ഞു വിട്ടു. ക്ലബ് ജീവനക്കാരുടെ ക്രൂരമായ പെരുമാറ്റമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന പയ്യന്‍മാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാദിയെ പ്രതിയാക്കിയ പൊലീസ് ക്ഷണനേരം കൊണ്ട് ക്ലബ് ജീവനക്കാരെ അറസ്റു ചെയ്തു.
ഇതോടെ ക്ലബ് അധികൃതരും സജീവമായി. ഡിജിപി, കമ്മീഷണര്‍ എന്നിവരെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി സംഭവത്തിന്റെ ഗൗരവം ബോധിപ്പിച്ചു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷഭേദമില്ലാതെ ഉന്നതര്‍ ഇടപെട്ട് ഇലയ്ക്കും മുളളിനും കേടില്ലാതെ പ്രശ്നം ഒതുക്കിത്തീര്‍ത്തു.












Click it and Unblock the Notifications