ടൂറിസം മേഖലയ്ക്ക് ഇളവു നല്‍കാന്‍ കേന്ദ്രം തയ്യാര്‍
കോവളം : വിനോദസഞ്ചാര വ്യവസായത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജഗ് മോഹന്‍. സംസ്ഥാനങ്ങള്‍ കൂടി സഹകരിച്ചാല്‍ ടൂറിസം മേഖലയില്‍ വന്‍മുന്നേറ്റമുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകള്‍ക്കും മറ്റും അടുത്ത കാലത്ത് സേവനനികുതിയില്‍ ഇളവനുവദിച്ച കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ടൂറിസം മേഖല പരിപോഷിപ്പിക്കാന്‍ മാസ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. യാത്രാനിരക്കുകള്‍ ഏകീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വില്പന നികുതി, വാഹന നികുതി എന്നിവയും ഏകീകരിച്ച് സഞ്ചാരികളെ ആകര്‍ഷിക്കണം. വിവിധസംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കുകളില്‍ നികുതി പിരിക്കുന്നത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. സംസ്ഥാനങ്ങള്‍ ഈ തടസം നീക്കിയില്ലെങ്കില്‍ കേന്ദ്രത്തിന് ഇടപെടാന്‍ കഴിയില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
പത്താം പദ്ധതിയുടെ ഭാഗമായി സാംസ്കാരിക പ്രാധാന്യമുളള പട്ടണങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രത്തിന് ഉദ്ദേശമുണ്ട്. കന്യാകുമാരി, തിരുവണ്ണാമല, കാഞ്ചീപുരം മുതലായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഇപ്രകാരം വികസിപ്പിക്കുന്നുണ്ട് . കേരളത്തിന് താല്‍പര്യമുണ്ടെങ്കില്‍ ശബരിമലയും ഇതില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
പുരാവസ്തുപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സംസ്ഥാനത്തിന് താല്പര്യമുണ്ടെങ്കില്‍ സംരക്ഷിതമേഖലകളാക്കി മാറ്റാന്‍ കേന്ദ്രംതയ്യാറാണ്. പിന്നീട് ഈ സ്ഥലങ്ങളുടെ വികസനവും അറ്റകുറ്റപ്പണികളും കേന്ദ്രത്തിന്റെ ചുമതലയായിരിക്കും.












Click it and Unblock the Notifications