വിനോദസഞ്ചാരം: പഠനത്തിന് ഒരു കോടി
തിരുവനന്തപുരം: വിനോദസഞ്ചാര വികസനത്തിനായി ഉള്‍നാടന്‍ ജല ഗതാഗത പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി കേന്ദ്രം ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് അറിയിച്ചു.
ഇതിനായി ഒരു അന്താരാഷ്ട്ര ഏജന്‍സിയെ ഏല്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജനവരി ആറ് ഞായറാഴ്ച കേസരി ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉള്‍നാടന്‍ ജലാശയ വിനോദസഞ്ചാരത്തിനായി 154.68 കോടിയുടെ ഒരു പദ്ധതി വിനോദസഞ്ചാര വകുപ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കുകയാണെങ്കില്‍ സ്വകാര്യമേഖലയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രിയുടെ കുമരകം പാക്കേജ് അനുസരിച്ച് കേരളത്തില്‍ നിന്നും കൂടുതല്‍ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ തുടങ്ങും. ഒമാന്‍ എയര്‍വെയ്സും സില്‍ക് എയര്‍വെയ്സും ഇതിനകം സര്‍വീസ് തുടങ്ങിയിട്ടുണ്ട്. കുവൈത്ത് എയര്‍വെയ്സ് ഈ മാസം കൊച്ചിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
കഴിഞ്ഞയാഴ്ച കോവളത്തു നടന്ന ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗത്തില്‍ വിനോദസഞ്ചാര വികസനത്തിനായി ചില സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു.
താന്‍ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പില്‍ പെടുന്നയാളാണെന്നും ഗ്രൂപ്പിലെ സ്ഥാനവും മന്ത്രി സ്ഥാനവും തനിക്ക് ഒരു പോലെ പ്രധാനമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി തോമസ് പറഞ്ഞു.












Click it and Unblock the Notifications