തീവണ്ടിച്ചക്രത്തില്‍ കുരുങ്ങി ചോര വാര്‍ന്ന് ഒരു മണിക്കൂര്‍
ഷൊര്‍ണൂര്‍ : തീവണ്ടിചക്രത്തിനിടയില്‍ കുടുങ്ങി ഒരു മണിക്കൂറോളം ചോരവാര്‍ന്നു കിടന്നയാളെ രക്ഷപെടുത്തി. വണ്ടിയില്‍ കയറുമ്പോള്‍ കാല്‍തെറ്റി വീണ് വണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിയതായിരുന്നു ഇയാള്‍. ചേറോട്ടൂര്‍ നമ്പിയത്ത് കുമാരനാണ് അപകടമുണ്ടായത്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ബോഗി ഉയര്‍ത്തി ഇയാളെ രക്ഷപെടുത്തി.
പളളിപ്പുറം റെയില്‍വേ സ്റേഷനില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്കു പോയ തീവണ്ടിയില്‍ കയറിയ കുമാരന്‍ കാല്‍തെറ്റി വീണു. നീങ്ങിത്തുടങ്ങിയ വണ്ടി ചങ്ങല വലിച്ച് യാത്രക്കാര്‍ നിര്‍ത്തിച്ചു.
യാത്രക്കാരും റെയില്‍വേ ജീവനക്കാരും ഏറെ ശ്രമിച്ചെങ്കിലും ചക്രത്തിനിടയില്‍ കുരുങ്ങിയ കുമാരനെ പുറത്തെടുക്കാനായില്ല. ചോര വാര്‍ന്ന് ഒരു മണിക്കൂറോളം കുമാരന്‍ അവിടെത്തന്നെ കിടന്നു. രാത്ര ഏഴരയോടെ ഷൊര്‍ണൂരില്‍ നിന്നെത്തിയ റെയില്‍വേ റിലീഫ് വാന്‍ പ്രവര്‍ത്തകര്‍ ക്രെയിന്‍ ഉപയോഗിച്ച് ബോഗി ഉയര്‍ത്തി ആളെ രക്ഷപെടുത്തി. ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുമാരനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പളളിപ്പുറം റെയില്‍വേ സ്റേഷന്‍ ജീവനക്കാരിയായ കാര്‍ത്ത്യായനിയാണ് ഭാര്യ.












Click it and Unblock the Notifications