കണ്ണൂര്‍ പദ്ധതിക്ക് അനുമതി നല്‍കിയേക്കും
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിക്കാതിരുന്ന കണ്ണൂര്‍ വൈദ്യുത പദ്ധതിക്ക് അനുമതി നല്‍കുന്നതിനെ കുറിച്ച് യുഡിഎഫ് പരിഗണിച്ചുവരുന്നു.
കണ്ണൂര്‍ വൈദ്യുത പദ്ധതിയെ കുറിച്ച് പഠിക്കുന്നതിന് യുഡിഎഫ് ഉന്നതാധികാര സമിതി ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. പഠനം നടത്തിയ ഉപസമിതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ചിരുന്നു. ജനവരി എട്ട് ചൊവാഴ്ച ചേരുന്ന ഉന്നതാധികാര സമിതി യോഗം റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
പത്താം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് 50,000 കോടിയുടെ നിക്ഷേപലക്ഷ്യം കൈവരിക്കാനുള്ളതിനാല്‍ കണ്ണൂര്‍ പദ്ധതിക്ക് അനുമതി നല്‍കിയേക്കുമെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പദ്ധതിക്ക് മുന്‍കൈയെടുക്കുന്ന കെ. പി. പി. നമ്പ്യാര്‍ ഈയിടെ ടാറ്റാ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ച നടത്തിയ ഉന്നത തല കേരള സംഘത്തില്‍ അംഗമായിരുന്നു.
കെ. പി. പി. നമ്പ്യാര്‍ മുന്‍കൈയെടുത്ത കണ്ണൂര്‍ പദ്ധതിക്ക് അനുമതി നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍റോണുമായും പിന്നീട് എല്‍പാസോയുമായും പദ്ധതിക്കായി കരാറിലേര്‍പ്പെട്ടതാണ് പദ്ധതിക്കു നേരെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖം തിരിക്കാന്‍ കാരണമായത്.
പദ്ധതിയോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമീപനം നമ്പ്യാരും വി. എസ്. അച്യുതാനന്ദനും തമ്മിലുള്ള തുറന്ന പോരിന് വഴിതെളിക്കുകയും ചെയ്തു. പദ്ധതിക്ക് അനുമതി നല്‍കുന്നതിന് അച്യുതാനന്ദന്റെ മകന്‍ പണം ചോദിച്ചെന്ന് നമ്പ്യാര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications