മന്ത്രിമാരുടെ ശമ്പളം കുറയ്കുന്നു
തിരുവനന്തപുരം: അടുത്ത ആറു മാസത്തേയ്ക് സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനം കുറയ്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മന്ത്രിമാരുടെ വീടുകളില്‍ ഇനി ഒരു എസ് ടി ഡി ടെലഫോണ്‍ മാത്രമേ ഉണ്ടാവുകയുള്ളു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ കെ ആന്റണിയാണിത് വെളിപ്പെടുത്തിയത്. ചെലവു കുറയ്കലിന്റെ ഭാഗമായും ജീവനക്കാര്‍ക്ക് മാതൃകയാവാനുമായാണ് ഈ നടപടികള്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കാനുള്ള യുഡിഎഫ് ഉന്നതാധികാര സമിതിയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
അധികം വരുന്ന ജീവനക്കാരെ കണ്ടെത്തി അവരെ മറ്റ് വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കും. മതിയായ കുട്ടികളില്ലാത്ത സ്കൂളുകള്‍ നിര്‍ത്തലാക്കും.
അധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.കാര്‍ഷിക മേഖലയിലെ വിലയിടിവ് തടയാനായി 100 കോടി രൂപ സര്‍ക്കാര്‍ അടിയന്തിരമായി ചെലവിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനവരി ഒമ്പത് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പെന്‍ഷന്‍ പ്രായം കൂട്ടേണ്ടതില്ലെന്ന യുഡിഎഫ് നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. മന്ത്രിസഭായോഗം നടന്ന സെക്രട്ടേറിയേറ്റിലെ കെട്ടിടത്തിന് പുറത്ത് ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും കുത്തിയിരുപ്പും നടത്തി.












Click it and Unblock the Notifications