ചോദ്യപേപ്പര്‍ ചോര്‍ന്നു; പരീക്ഷ റദ്ദാക്കി
കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ന്നതിനെ തുടര്‍ന്ന് കലിക്കറ്റ് സര്‍വകലാശാല ബിഎ, ബിഎസ്സി, ബികോം പരീക്ഷ റദ്ദാക്കി.
പെരിന്തല്‍മണ്ണ പിടിഎം കോളജില്‍ വെച്ച് ജനവരി ഒമ്പത് ബുധനാഴ്ച നടന്ന ഇംഗ്ലീഷ് ഒന്നാം പേപ്പര്‍ സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യക്കടലാസാണ് ചോര്‍ന്നത്.
സെന്ററില്‍ പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറും സിന്റിക്കേറ്റ് അംഗം സി. പി. ചിത്രയും കോളജില്‍ പരിശോധന നടത്തി. പരിശോധനയില്‍ സെന്ററിലെ ചീഫ് സൂപ്രണ്ട് പി. ടി. മൊയ്തീന്‍കുട്ടിയുടെ മേല്‍നോട്ടത്തിലുണ്ടായിരുന്ന ചോദ്യക്കടലാസുകള്‍ ചോര്‍ന്നതായി കണ്ടെത്തി. 50 ചോദ്യക്കടലാസ് അടങ്ങുന്ന കെട്ടില്‍ നിന്ന് രണ്ടെണ്ണം മാറ്റിയിരുന്നു.
ജനവരി 10,11 തീയതികളില്‍ നടക്കാനിരിക്കുന്ന ഡിഗ്രി പാര്‍ട്ട് ഒന്ന്, രണ്ട് മൂന്ന് പരീക്ഷകളും മാറ്റിവെച്ചു.
നേരത്തെ പരീക്ഷാ മേല്‍നോട്ടത്തില്‍ ക്രമക്കേടുകള്‍ കാണിച്ചതിന് മൊയ്തീന്‍കുട്ടിയെ പരീക്ഷാ ചുമതലകളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് മാറ്റിനിര്‍ത്താനും അച്ചടക്ക നടപടി സ്വീകരിക്കാനും കലിക്കറ്റ് സര്‍വകലാശാല പരീക്ഷാ സ്റാന്റിംഗ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതില്‍ പ്രോ വൈസ് ചാന്‍സലര്‍ തീരുമാനമെടുക്കാനിരിക്കുകയായിരുന്നു.












Click it and Unblock the Notifications