യുദ്ധസാധ്യതകൂടി: കരസേനാ മേധാവി
ദില്ലി : ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ യുദ്ധസാഹചര്യം വര്‍ധിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ കരസേനാമേധാവി ജനറല്‍ പത്മനാഭന്‍. ജനവരി 11 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സേന ഏതു നിമിഷവും ആക്രമണത്തിന് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ തീരുമാനമുണ്ടായ ശേഷമേ നടപടിയ്ക്കു മുതിരൂ.
ഇന്ത്യയ്ക്കെതിരെ അണുവായുധം ഉപയോഗിച്ചാല്‍ ഒരു രാജ്യമെന്ന നിലയില്‍ പിന്നെ പാകിസ്താനുണ്ടാവില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി. അത്തമൊരാക്രമണത്തിനു തുനിയാന്‍ മാത്രം ഭ്രാന്ത് ഒരു പാകിസ്താന്‍ മേധാവിയ്ക്കും ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ജനറല്‍ പത്മനാഭന്‍ പറഞ്ഞു.
ഇന്ത്യയിലെ മര്‍മ്മപ്രധാന കേന്ദ്രങ്ങളെയും സൈന്യത്തെയും ജനതയെയും ഉന്നം വച്ച് ആണവായുധം ഉപയോഗിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനുളള എല്ലാ സന്നാഹങ്ങളും നമുക്കുണ്ട്. ഇന്ത്യയുടെ ആണവ ശേഷിയില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുളള ആണവയുദ്ധം തെക്കന്‍ ഏഷ്യയിലെ സ്ഥിതി വഷളാക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. പടിഞ്ഞാറും കിഴക്കുമുളള എണ്ണ വിതരണത്തെ യുദ്ധം നിശ്ചയമായും ബാധിക്കും.
തീവ്രവാദികള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്താനുളള എല്ലാ ഉപാധികളും ഇല്ലാതാക്കാനാണ് കശ്മീരിലെ സ്വകാര്യ എസ്ടിഡി ബൂത്തുകള്‍ നിരോധിച്ചത്. 2001 ല്‍ ഭീകരപ്രവര്‍ത്തനം ഉച്ചസ്ഥായിയിലായിരുന്നു. കഴിഞ്ഞ ജൂണിനു ശേഷം ഓരോ മാസവും 200 തീവ്രവാദികള്‍ വീതം കൊല്ലപ്പെട്ടിരുന്നെന്ന് പത്മനാഭന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications