കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ കഴുത്തില്‍ അടുത്ത കുരുക്ക്

  • By Super
Google Oneindia Malayalam News

മലപ്പുറം : ആ കേസിലെ വാദി മാര്‍ക്സിസ്റാണ്. പ്രതികള്‍ ഒന്നാന്തരം മുസ്ലീം ലീഗുകാരും. അതിനാല്‍ കേസ് പിന്‍വലിച്ചതില്‍ തെറ്റില്ല മുസ്ലീം ലീഗ് നേതാവും കൊണ്ടോട്ടി എംഎല്‍എയുമായ കെ.എന്‍.എ.ഖാദറിന്റെ വെളിപാടുകളാണിവ. മലപ്പുറത്തെ കേസ് പിന്‍വലിക്കല്‍ വിവാദം മന്ത്രിസഭയുടെ കഴുത്തില്‍ മറ്റൊരു കുരുക്കാവുകയാണ്. ഖാദറിന്റെ ഭാഷയില്‍ ഏതു സംഭവത്തിലെയും പ്രതികള്‍ ഒന്നാന്തരം മുസ്ലീംലീഗായാല്‍ കേസില്ല.

ശക്തമായിത്തന്നെയാണ് ബിജെപിയും കോണ്‍ഗ്രസ് മലപ്പുറം ഘടകവും ഈ സംഭവത്തെ വീക്ഷിക്കുന്നത്. നിയമവാഴ്ചയോടുളള ഹീനമായ അവഹേളനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പത്മനാഭന്‍. പ്രതികള്‍ കടുത്ത എന്‍ഡിഎഫുകാരാണെന്ന് തെളിവുകള്‍ നിരത്തി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ നേതാവ് അഡ്വ. ഷാഹുല്‍ ഹമീദ് രംഗത്തു വരുന്നു.

പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്ഐ പോറ്റി വളര്‍ത്തുന്ന എന്‍ഡിഎഫുകാര്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിച്ചത് കടുത്ത രാജ്യദ്രോഹമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കെ. ബി.സ്വാമിയും പ്രസ്താവിച്ചു.

ആരോപണങ്ങളുടെ ചുഴിയില്‍ പെട്ടിരിക്കുന്ന ആന്റണിയ്ക്ക് മറ്റൊരടിയാണ് ആ സംഭവം. കേസ് പിന്‍വലിച്ച നടപടിയെ കഴിഞ്ഞ ദിവസം ന്യായീകരിച്ച വിധം തന്നെ ആന്റണിയിലെ കാപട്യക്കാരനെ പുറത്തു കൊണ്ടു വരുന്നു എന്ന് എതിരാളികള്‍ ആരോപിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുണ്ടായപ്പോള്‍ ഇതു മാര്‍ക്സിസ്റുകാരും ചെയ്യുന്നതാണെന്ന ന്യായീകരണമാണ് മുഖ്യമന്ത്രി പറഞ്ഞത്. അവര്‍ ചെയ്തത് ആവര്‍ത്തിക്കുകയാണോയെന്ന് ആരും തിരിച്ചു ചോദിച്ചില്ലെന്നു മാത്രം.

കുഞ്ഞാലിക്കുട്ടിയും ഖാദറും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് അഡ്വ. ഷാഹുല്‍ ഹമീദ് ആരോപിക്കുന്നു. എംഎല്‍എയും മന്ത്രിയും ശുപാര്‍ശ ചെയ്താല്‍ സ്വാഭാവികമായും മുഖ്യമന്ത്രിയ്ക്കു സംശയമുണ്ടാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ ചില മുസ്ലീംലീഗുകാരും എന്‍ഡിഎഫുമായുളള ഒളിസേവയുടെ പ്രതിഫലനമാണത്രേ പ്രസ്തുത സംഭവം.

പത്തനംതിട്ട കലാപത്തിലെ എന്‍ഡിഎഫ് പ്രതികള്‍ക്കു വേണ്ടി രംഗത്തു വന്നത് ചില ഐ ഗ്രൂപ്പു നേതാക്കളാണെന്നും ബിജെപി ആരോപിക്കുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പൊഴിയണമെന്നും കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഇതു രണ്ടും നടക്കില്ലായിരിക്കാം. പക്ഷേ സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്തുന്നതും ഒളിഞ്ഞും തെളിഞ്ഞും അവരെ സംരക്ഷിക്കുന്നതും ആരാണെന്ന് വ്യക്തമാവുകയാണ്. ഒരിക്കലും അണയാത്ത അിബാധയിലേയ്ക്കാണ് സംസ്ഥാനത്തിന്റെ പോക്ക്. കോഴി വിവാദവും, വര്‍ഗീയ കലാപവും, കഴിവുകെട്ട ഭരണവും, ജീവനക്കാരുടെ സമരവും, താക്കോല്‍ സ്ഥാനത്തെ വര്‍ഗീയതയുടെ സ്വാധീനവുമാണ് ആറുമാസത്തെ ഭരണ നേട്ടം. എല്ലാം കൊണ്ടും തങ്ങള്‍ക്കു പിഴച്ചു എന്ന് ആറുമാസത്തിനകം ജനത്തെക്കൊണ്ടു പറയിപ്പിക്കാന്‍ ആന്റണിയ്ക്കു കഴിഞ്ഞിരിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X