മുഷാറഫിന്റെ പ്രസ്താവനയെ ബുഷ് സ്വാഗതം ചെയ്തു
വാഷിംഗ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പ്രസ്താവനയെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സ്വാഗതം ചെയ്തു.
പാകിസ്ഥാന്‍ ഒരു പുരോഗമന-ആധുനിക രാഷ്ട്രമാണെന്ന മുഷാറഫിന്റെ കാഴ്ചപ്പാടിനെയും വിദ്യാഭ്യാസവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് മുഷാറഫ് സ്വീകരിക്കുന്ന നടപടികളെയും ബുഷ് അഭിനന്ദിച്ചു.
തീവ്രവാദത്തെ മുഷാറഫ് തുറന്ന് നിരാകരിക്കുകയും തീവ്രവാദത്തിന്റെ വഴി സ്വീകരിക്കുന്ന ഏത് പാക് സംഘടനയ്ക്കെതിരെയും നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ജനവരി 12 ശനിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബുഷ് ചൂണ്ടിക്കാട്ടി.
ധീരവും തത്വാധിഷ്ഠിതവുമായ നിലപാടാണ് മുഷാറഫ് സ്വീകരിച്ചിട്ടുള്ളതെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ പറഞ്ഞു.
കശ്മീര്‍ പ്രശ്നം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന മുഷാറഫിന്റെ പ്രസ്താവനയോട് അനുകൂലമായ പ്രതികരണം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ പറഞ്ഞു. തീവ്രവാദത്തെ നിരാരകരിക്കുന്ന മുഷാറഫിന്റെ പ്രസ്താവനയെ ബ്ലെയര്‍ സ്വാഗതം ചെയ്തു.












Click it and Unblock the Notifications