വിളപ്പില്‍ശാല പ്ലാന്റ്: ശുപാര്‍ശകള്‍ നടപ്പിലാക്കും
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കാരണ ശാലയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അറിയിച്ചു.
കോര്‍പ്പറേഷന്‍ മേയര്‍ക്കും പ്ലാന്റ് മാനേജിംഗ് ഡയറക്ടര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വാര്‍ത്താ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.
ആറ് മാസത്തിന് ശേഷം പ്ലാന്റ് വീണ്ടും സന്ദര്‍ശിക്കാനും മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദഗ്ധ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ ഒരു സമിതി രൂപീകരിക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്ലാന്റിന് സമീപം താമസിക്കുന്ന ജനങ്ങള്‍ പരാതിപ്പെട്ടതു പോലെയല്ല പ്ലാന്റിന്റെ അവസ്ഥ. എങ്കിലും അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ദുര്‍ഗന്ധം പ്ലാന്റിന് 50 മീറ്ററോളം പുറത്ത് പരക്കുന്നുണ്ട്. പക്ഷേ ഈച്ചകളുടെ ശല്യം അനുഭപ്പെട്ടില്ല. എങ്കിലും ഈച്ചകളെ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കാനും ശുപാര്‍ശയുണ്ട്. പ്ലാന്റിനടുത്തുള്ള കിണറുകളിലെ വെള്ളത്തില്‍ അനുവദനീയമായ പരിധിക്കപ്പുറം ബാക്റ്റീരിയ ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരുമ്പോള്‍ തടയരുതെന്നും സഹകരിക്കണമെന്നുമാണ് സമിതി ജനങ്ങളോട് അഭ്യര്‍ഥിക്കുന്നത്. മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്യാനും പ്ലാന്റിലേക്ക് കൊണ്ടുവരുന്നതിനും കൂടുതല്‍ വാഹനങ്ങളും ജോലിക്കാരും ആവശ്യമായുണ്ട്.
പ്ലാന്റിന്റെ പ്രവര്‍ത്തനം ആറ് മാസത്തിലൊരിക്കല്‍ വിദഗ്ധ സമിതി പരിശോധിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications