പെട്രോനെറ്റില്‍ 120 കോടിയുടെ ഫ്രഞ്ച് പങ്കാളിത്തം
ദോഹ : ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ സംയുക്തസംരംഭമായ പെട്രോനെറ്റിന്റെ 10 ശതമാനം ഓഹരികള്‍ ഫ്രാന്‍സിലെ ഗ്യാസ് ഡി കമ്പനി വാങ്ങും. 5,000 കോടി ചെലവില്‍ കൊച്ചിയിലും ദഹേജിലുമായി നിര്‍മ്മിക്കുന്ന ദ്രവ പ്രകൃതിവാതക കയറ്റുമതി യൂണിറ്റാണ് പെട്രോനെറ്റ്. ഖത്തറിലെ റാസ് ഗ്യാസ് എന്ന കമ്പനിയാണ് 75 ലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം പെട്രോനെറ്റിനു നല്‍കുന്നത്.
120 കോടി രൂപയാണ് ഫ്രഞ്ച് കമ്പനി പെട്രോനെറ്റിന് നല്‍കുന്നത്. ആദ്യഗഡുവായി 22 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ ഓയില്‍, ഒഎന്‍ജിസി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം എന്നിവരാണ് പെട്രോനെറ്റിനു പിന്നിലുളളത്.
പെട്രോനെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ് ഗ്യാസ് ഡി ഫ്രാന്‍സ്. റാസ് ഗ്യാസും ഓഹരിയെടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. 10 ശതമാനം ഓഹരിയെടുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഖത്തറിന്റെ ഊര്‍ജ വകുപ്പു മന്ത്രിയും ജനറല്‍ പെട്രോളിയം കമ്പനിയുടെ ചെയര്‍മാനുമായ ഹയി അത്തിയ പറഞ്ഞു. റാസ് ഗ്യാസിന്റെ പ്രമുഖ ഓഹരികള്‍ ഈ കമ്പനിയുടെ പേരിലാണ്.
റാസ് ഗ്യാസിന്റെ പങ്കാളിത്തം ഉണ്ടാവുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് പെട്രോനെറ്റ് മാനേജിംഗ് ഡയറക്ടര്‍ സുരേഷ് മാത്തൂര്‍ പറഞ്ഞു. ഒന്നോ രണ്ടോ മാസത്തിനകം ഖത്തര്‍ കമ്പനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നു കരുതുന്നു.
ഗ്യാസ് ഡി ഓഹരി വാങ്ങിയത് അടുത്ത കാലത്താണ്. സാങ്കേതിക ഉപദേശവും കമ്പനി പെട്രോനെറ്റിനു നല്‍കുന്നുണ്ട്. ഓഹരി വാങ്ങിയ വിവരം കമ്പനിയുടെ പ്രോജക്ട് ഡയറക്ടര്‍ ജാക്വസ് ഗോയിത്തെ സ്ഥിരീകരിച്ചു.












Click it and Unblock the Notifications