ആലപ്പുഴയില്‍ വിഎസിന് തിരിച്ചടി
ഹരിപ്പാട്: സ്വന്തം തട്ടകമായ ആലപ്പുഴയില്‍ വി.എസ്. അച്യുതാനന്ദന് വീണ്ടും തിരിച്ചടി. നേരത്തെ നിയമസഭാതിരഞ്ഞെടുപ്പില്‍ ആലപ്പുഴജില്ലയില്‍ വിഎസിനെ തോല്പിച്ച അതേ സിഐടിയു സംഘമാണ് ഇക്കുറിയും വിഎസിനെ വീഴ്ത്തിയത്.
സിപിഎം ജില്ലാതിരഞ്ഞെടുപ്പില്‍ പിണറായി-സിഐടിയു വിഭാഗത്തിന്റെ ജി. സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജനവരി 15 ഞായറാഴ്ച പുലര്‍ച്ചെവരെ നീണ്ട തിരഞ്ഞെടുപ്പില്‍ ഏറെ നാടകീയതകള്‍ക്ക് ശേഷമാണ് ജി. സുധാകരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴ ജില്ലാകമ്മിറ്റി അപ്പാടെ പിണറായി പക്ഷം കൈപ്പിടിയിലൊതുക്കി.
മുന്‍ ജില്ലാസെക്രട്ടറി വി. കേശവനുള്‍പ്പെടെ വിഎസ് പക്ഷത്തെ ഏഴുപേര്‍ ദയനീയമായി പരാജയപ്പെട്ടു. പ്രമുഖരായ സിഐടിയു നേതാക്കളെല്ലാം ജില്ലാകമ്മിറ്റിയില്‍ തിരിച്ചെത്തി. ആലപ്പുഴ ജില്ലയില്‍ നിന്നും സംസ്ഥാനസമ്മേളനത്തിലേക്കുള്ള 46 പ്രതിനിധികളും പിണറായിപക്ഷക്കാരാണ്.
ആലപ്പുഴ ജില്ലാകമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആകെ 371 പേര്‍ വോട്ടുചെയ്തു. ഇതില്‍ 18 വോട്ടുകള്‍ അസാധുവായി. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് കഴിഞ്ഞ കുറി വിഎസ് പക്ഷം തോല്പിച്ച, പിണറായി പക്ഷക്കാരനായ പി. സുധാകരനാണ്. അദ്ദേഹത്തിന് 317 വോട്ടുകള്‍ ലഭിച്ചു.












Click it and Unblock the Notifications