കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സൈസുകാര്‍ക്കും ഇനി തോക്കുപയോഗിക്കാം

  • By Staff
Google Oneindia Malayalam News

പാലക്കാട് : എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാനുളള നടപടികള്‍ പൂര്‍ത്തിയായി. രണ്ടു ദിവസത്തിനകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക വരെയുളളവര്‍ക്ക് റിവോള്‍വറുകള്‍ ലഭിക്കും.

ചാരായ മാഫിയയ്ക്കെതിരെയുളള പോരാട്ടം ശക്തിപ്പെടുത്തുന്നതിനാണ് എക്സൈസുകാര്‍ക്കും ആയുധങ്ങള്‍ നല്‍കാന്‍ തീരുമാനമായത്. ഇവര്‍ക്കായുളള ആയുധ പരിശീലനം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളെജില്‍ പൂര്‍ത്തിയായി.

ട്രെയിനിംഗ് കോളെജില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ എക്സൈസ് മന്ത്രി ശങ്കരനാരായണന്‍ ആയുധവിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആയുധ വിതരണത്തിന്റെയും പരിശീലനത്തിന്റെയും ചുമതല എക്സൈസ് കമ്മിഷണര്‍ക്കാണ്. പൊലീസിന്റെ സഹായത്തോടെയാണ് എക്സൈസുകാര്‍ക്ക് റിവോള്‍വറും റൈഫിളും ഉപയോഗിക്കാനുള്ള പരിശീലനം നല്‍കേണ്ടതെന്ന് സര്‍ക്കാരുത്തരവില്‍ വ്യക്തമാക്കുന്നു. 0.32 കാലിബര്‍ റിവോള്‍വറുകളാണ് വിതരണം ചെയ്യുന്നത്.

എന്നാല്‍ ഈ നടപടി എത്രത്തോളം പ്രയോജനകരമാകുമെന്ന് സംശയമുണ്ട്. ഗുണ്ടകളുമായി നേരിട്ട് ഏറ്റുമുട്ടുന്നത് പലപ്പോഴും സബ് ഇന്‍സ്പെക്ടര്‍മാരും എക്സൈസ് ഗാര്‍ഡുകളുമാണ്. അബ്കാരി മാഫിയയ്ക്ക് ആധുനിക ആയുധങ്ങള്‍ കൈവശമുളളപ്പോള്‍ ഗാര്‍ഡുകളുടെ കൈയിലുളളത് വെറും മുളവടി മാത്രം.

എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കും തോക്ക് നല്കണം

1996 ഏപപ്രില്‍ ഒന്നിലെ ചാരായ നിരോധനത്തെത്തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് കിസ്ത് പിരിക്കുന്ന ചുമതലയാണ് നല്‍കിയിരുന്നത്. അബ്കാരി നിയമം നടപ്പാക്കാനുളള ചുമതല സബ് ഇന്‍സ്പെക്ടര്‍ക്കും. എക്സൈസ് കമ്മീഷണരുടെ ഈ ശുപാര്‍ശയനുസരിച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് കേസ് കണ്ടെത്തിയാലും ചാര്‍ജു ചെയ്യാനുളള അധികാരമില്ല. അത് സബ് ഇന്‍സ്പെര്‍ക്കു മാത്രമുളള അധികാരമാണ്. ചുരുക്കത്തില്‍ ആകെയുളള മേല്‍നോട്ടം വഹിക്കലാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജോലി.

അബ്കാരി നിയമം നടപ്പാക്കേണ്ട ചുമതല എക്സൈസ് സബ്ഇന്‍സ്പെക്ടര്‍മാര്‍ക്കാണ്. ഈ സാഹചര്യത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ആയുധം നല്‍കിയില്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. സംസ്ഥാനത്താകെയുള്ള 263എക്സൈസ് ഇന്‍സ്പെക്ടര്‍മാരില്‍ 124 പേര്‍ ഫീല്‍ഡിലാണ്. ഇവര്‍ക്ക് തോക്ക് നല്കേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായമുണ്ട്.

സംസ്ഥാനത്താകെ 63 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 14 അസിസ്റന്റ് കമ്മിഷണര്‍മാരുമാണുളളത്. ഇവര്‍ക്കുമാത്രമാണ് റിവോള്‍വറുകള്‍ ലഭിക്കുക. അതിര്‍ത്തിയില്‍ ജീവന്‍ കളഞ്ഞും മാഫിയയോടു പൊരുതുന്ന സാധാരണ എക്സൈസുകാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.

വേലുച്ചാമി ഗൗണ്ടറുടെ റഡാറും റേഡിയോയും

മൊബൈല്‍ ഫോണും അകമ്പടി വാഹനങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ അബ്കാരി- കഞ്ചാവ് മാഫിയയ്ക്കു കഴിയും. അത്യാധുനിക ആയുധങ്ങളുടെ വന്‍ ശേഖരമുളള ഇവരോട് പിടിച്ചു നില്‍ക്കാന്‍ സംസ്ഥാന പൊലീസിനോ എക്സൈസിനോ പലപ്പോഴും കഴിയാറില്ല. സ്പിരിട്ട് രാജാവ് ഈശ്വരമൂര്‍ത്തിയുടെ അനുയായി വേലുച്ചാമി ഗൗണ്ടറുടെ വാളയാറുളള വീട്ടില്‍ നടന്ന റെയ്ഡ്, അബ്കാരി മാഫിയയുടെ സ്വാധീനശക്തി വെളിവാക്കിയിരുന്നു. എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥരുടെ സംഭാഷണം ചോര്‍ത്താന്‍ വയര്‍ലെസ് റഡാറും, റേഡിയോയും ഗൗണ്ടറുടെ ബാല്‍ക്കണിയില്‍ നിന്നും അന്ന് കണ്ടെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X