ആദിവാസി ഭൂമി വിതരണം:അലംഭാവമെന്ന് ജാനു
തിരുവനന്തപുരം : ആദിവാസികള്‍ക്കു വിതരണം ചെയ്യാനുളള ഭൂമി ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് സി. കെ. ജാനു. ആദിവാസി ഭൂമി വിതരണത്തിന്റെ ഉദ്ഘാടനം ആഘോഷപൂര്‍വം നടത്തിയെങ്കിലും ഇടുക്കിയില്‍ മാത്രമാണ് ഭൂമി കണ്ടെത്തിയത്.
ആദിവാസി നേതാക്കളും സര്‍ക്കാരുമായുളള ധാരണയനുസരിച്ച്, ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ആദിവാസി മിഷന്‍ രൂപീകരിച്ചത്. എന്നാല്‍ തങ്ങളുടെ കടമ നിറവേറ്റുന്നതില്‍ ഇവര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടെന്ന് ജാനു ആരോപിച്ചു.
ഭൂവിതരണത്തിന് അഞ്ചുവര്‍ഷം വേണ്ടിവരുമെന്ന സര്‍ക്കാര്‍ നിലപാടിലും അവര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആറുമാസത്തിനകം ഭൂവിതരണം പൂര്‍ത്തിയാക്കാം. സംസ്ഥാനത്ത് ഏറ്റവുമധികം ആദിവാസികളുളള വയനാട്ടില്‍ പോലും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് ജാനു ചൂണ്ടിക്കാട്ടി.
ആദിവാസി പുനരധിവാസത്തെക്കുറിച്ച് ടി.മാധവമേനോന്‍ പ്ലാനിംഗ് ബോര്‍ഡിനു സമര്‍പ്പിച്ച ശുപാര്‍ശകളില്‍, ആദിവാസികള്‍ക്ക് നല്കുന്ന ഭൂമി ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമില്ല. അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ ഭൂമിയിന്മേലുള്ള അവകാശം നിലനില്‍ക്കില്ല.
കൃഷിയോഗ്യമായ ഭൂമി ആദിവാസികള്‍ക്ക് നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ ആദിവാസികള്‍ക്ക് നല്കിയ ഭൂമിയെക്കുറിച്ച് ഇപ്പോഴും തര്‍ക്കം നിലനില്ക്കുന്നുണ്ട്. ഈ ഭൂമി കൃഷിയോഗ്യമല്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്നാല്‍ ഇത് കൃഷിയോഗ്യമാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു.












Click it and Unblock the Notifications