റേഷന്‍ കാര്‍ഡിനു പകരം ഇനി സ്മാര്‍ട്ട് കാര്‍ഡ്
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ക്കു പകരം സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.കാര്‍ത്തികേയന്‍.
തിരുവനന്തപുരം ജില്ലയിലെ നാലു റേഷന്‍ കടകളിലാണ് സ്മാര്‍ട്ട് കാര്‍ഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. വഞ്ചിയൂര്‍, ചാക്ക, വള്ളക്കടവ്, അമ്പലത്തറ എന്നിവിടങ്ങളിലെ 2000 റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ആദ്യം ഇതു നല്‍കുന്നത്. ജനവരി 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് വി.ജെ.ടി. ഹാളില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി ശാന്തകുമാര്‍ കാര്‍ഡ്വിതരണം ഉദ്ഘാടനം ചെയ്യും.
ക്രെഡിറ്റ് കാര്‍ഡിന്റെ രൂപത്തിലുള്ള ഈ കാര്‍ഡില്‍ ഓരോ കുടുംബത്തിന്റെയും വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. റേഷന്‍ കാര്‍ഡില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇന്നത്തെ രീതി മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത.
സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ സാധനങ്ങളുടെ വ്യാപാരം നടത്താന്‍ ആവശ്യമായ സ്മാര്‍ട്ട് കാര്‍ഡ് റീഡര്‍ എല്ലാ റേഷന്‍ കടകള്‍ക്കും നല്‍കും. ഈ റീഡറിലെ വിവരങ്ങള്‍ വകുപ്പ് ഓഫീസുകളില്‍ പരിശോധിക്കാം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇതുമൂലം റേഷന്‍ സാധനങ്ങളുടെ വരവും പോക്കും അധികൃതര്‍ക്ക് കൃത്യമായി മനസ്സിലാക്കാം. എല്ലാ റേഷന്‍ കടകളെയും കമ്പ്യൂട്ടര്‍ ശൃംഖലവഴി ബന്ധിപ്പിക്കും.
തിരിച്ചറിയല്‍ രേഖയായും ഈ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാം.
40-50 രൂപയാണ് ഒരു കാര്‍ഡിന് ചെലവ് പ്രതീക്ഷിക്കുന്നത്. പക്ഷെ 70 ലക്ഷം പേര്‍ക്ക് ഒന്നിച്ച് കാര്‍ഡ് നല്‍കുമ്പോള്‍ ഇത് 25 രൂപയായിചുരുങ്ങും. ഇതിനായി മൊത്തം 17.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഒരു സ്മാര്‍ട്ട് കാര്‍ഡ് റീഡറിന് 15,000 രൂപ പ്രകാരം സംസ്ഥാനത്തെ 14,500 റേഷന്‍ കടകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് റീഡര്‍ നല്‍കുന്നതിന് 21 കോടി രൂപ വേണം.
ഇതിനുള്ള മുഴുവന്‍ ചെലവും കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനു വേണ്ടി ഓരോ കുടുംബത്തിന്റെയും വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചതിനാല്‍ ആ ജോലി എളുപ്പമായെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications