എം. വിജയകുമാര്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ എം. വിജയകുമാറിനെ സിപിഎം പുതിയ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
എം. സത്യനേശനു പകരമാണിത്. വിജയകുമാര്‍ വി.എസ്. പക്ഷക്കാരനാണ്. സെക്രട്ടറി സ്ഥാനത്തേക്കും 43 അംഗ ജില്ലാ കമ്മിറ്റിയിലേക്കും മല്‍സരമുണ്ടായില്ല.
സത്യനേശന്‍ സെക്രട്ടറി സ്ഥാനത്തു തുടരുമെന്നായിരുന്നു അവസാനം വരെ ധാരണ. പുതിയ ജില്ലാ കമ്മിറ്റി ചേര്‍ന്ന ശേഷം സത്യനേശന്‍ തന്നെ വിജയകുമാറിനെ സെക്രട്ടറിയായി നിര്‍ദേശിക്കുകയായിരുന്നു. പഴയ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഏഴു പേരെ ഒഴിവാക്കി നാലു പേരെ എടുത്തു.
വിജയകുമാര്‍ മൂന്നു തവണ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിയമ ബിരുദധാരിയാണ്.












Click it and Unblock the Notifications