കാരണവര്‍ പരാതിയുമായി ദില്ലിയിലേയ്ക്ക്
തിരുവനന്തപുരം : ആന്റണിയ്ക്കെതിരെ പരാതിയുമായി ലീഡര്‍ ദില്ലിയിലേയ്ക്ക്. ഭരണരംഗത്തുളള വീഴ്ചകളാണ് പ്രധാനമായും ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്. വ്യാഴാഴ്ച ലീഡര്‍ സോണിയാഗാന്ധിയെ സന്ദര്‍ശിക്കുന്നുണ്ട്.
ഡിസിസി പുനസംഘടന വൈകുന്നതാണ് പ്രധാനമായും ലീഡറെ കുപിതനാക്കുന്നത്. പത്തനംതിട്ടയിലും മാറാടും നടന്ന വര്‍ഗീയ കലാപങ്ങളില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ടെന്ന ആന്റണിയുടെ വെളിപ്പെടുത്തലും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
ഭരണം തുടങ്ങി എട്ടുമാസമായിട്ടും പഴയ പല്ലവികള്‍ ആവര്‍ത്തിക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പ്രശ്നങ്ങള്‍ പലതും പരിഹരിക്കപ്പെടുന്നില്ല. എടുക്കുന്ന നടപടികള്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും ദോഷം ചെയ്യുന്നു. കാരണവരുടെ പരാതികള്‍ ഇങ്ങനെ നീളുകയാണ്.
അതിനിടയില്‍ പുണ്യവാളന്‍ ചമയാനും ജനശ്രദ്ധ തിരിക്കാനുമാണ് വര്‍ഗീയ കലാപത്തില്‍ കോണ്‍ഗ്രസുകാര്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലത്രേ. സംസ്ഥാനത്ത് മുമ്പുണ്ടായിട്ടുളള വര്‍ഗീയ കലാപങ്ങളുലും മതേതര പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ പങ്കാളികളായിട്ടുണ്ടെന്ന് ലീഡര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ഇത് ഊതിവീര്‍പ്പിച്ച് കാണിക്കുന്നത് ജനശ്രദ്ധ തിരിച്ചു വിടാന്‍ തന്നെയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്ഷേപിച്ചു കൊണ്ട് ആന്റണി ഭരിക്കേണ്ടന്ന് ഹൈക്കമാന്റിനോട് ലീഡര്‍ അറുത്തു മുറിച്ചു പറയുമെന്നറിയുന്നു.
ഏതായാലും കോണ്‍ഗ്രസില്‍ വര്‍ഷങ്ങളായി പുകയുന്ന പക ഒരിക്കല്‍ കൂടി തെരുവിലെത്തുന്നതിന്റെ സൂചനകളുണ്ട്. പകയുടെ തഴമ്പുളള ലീഡറുടെ മനസ് ആന്റണിയ്ക്ക് മാപ്പു കൊടുക്കാന്‍ ഒരുക്കമല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷത്തെക്കാള്‍ രൂക്ഷമായാണ് ഐ ഗ്രൂപ്പ് എതിര്‍ക്കുന്നത്. അതു പരസ്യമായി.












Click it and Unblock the Notifications