ഇന്‍സാറ്റ് വിക്ഷേപണം വ്യാഴാഴ്ച
ബാംഗ്ലൂര്‍: ഇന്ത്യയുടെ മൂന്നാം തലമുറയില്‍പെട്ട വാര്‍ത്താവിനിമയഉപഗ്രഹമായ ഇന്‍സാറ്റ്-3സി ജനവരി 24 വ്യാഴാഴ്ച വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കൗരുവില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.23നാണ് ഇന്‍സാറ്റ് -3സി ബഹിരാകാശത്തേക്ക് കുതിച്ചുയരുക. ദൂരദര്‍ശനില്‍ ഇതിന്റെ തത്സമയസംപ്രേഷണം ഉണ്ടായിരിക്കും.
വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ ജനവരി 23 ബുധനാഴ്ച ആരംഭിക്കും. 2,750 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തില്‍ 24 സി-ബാന്റ് ട്രാന്‍സ്പോണ്ടറുകളും ആറ് എക്സ്റ്റന്റഡ് സി-ബാന്റ് ട്രാന്‍സ്പോണ്ടറുകളും രണ്ട് എസ്-ബാന്റ് ട്രാന്‍സ്പോണ്ടറുകളും ഉണ്ട്. ഒരു മൊബൈല്‍ സര്‍വീസ് ട്രാന്‍സ്പോണ്ടറും ഉണ്ട്.
ഇന്‍സാറ്റ്-2സി അടക്കമുള്ള പ്രായമേറിയ പഴയ ഉപഗ്രഹങ്ങള്‍ക്ക് പകരമായി ഇനി ഇന്‍സാറ്റ്-3സിയായിരിക്കും സേവനം നല്കുകയെന്ന് ഐഎസ്ആര്‍ഒ വക്താവ് പറഞ്ഞു. വാര്‍ത്താവിനിമയരംഗത്തും മൊബൈല്‍, സംപ്രേഷണ,വ്യവസായ വാര്‍ത്താവിനിമയരംഗങ്ങളിലും വന്‍കുതിച്ചുചാട്ടത്തിന് ഇന്‍സാറ്റ്-3സിയുടെ വിക്ഷേപണം വഴിവയ്ക്കും.
12വര്‍ഷം ആയുസ്സുള്ള ഇന്‍സാറ്റ്-3സിയ്ക്ക് 250 കോടിയാണ് ചെലവ്. വിക്ഷേപണച്ചെലവടക്കം 350 കോടി ചെലവുവരും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗനുള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ഫ്രഞ്ച് ഗയാനയില്‍ എത്തിയിട്ടുണ്ട്.












Click it and Unblock the Notifications