പൊട്ടാനല്ലെങ്കില്‍ പിന്നെ പൈപ്പെന്തിനാാാ?
തിരുവനന്തപുരം : സംസ്ഥാനത്തെ പൈപ്പുകളുടെ ചോര്‍ച്ച ഒരുകാലത്തും നിലയ്ക്കുന്നില്ല. വന്‍നഗരങ്ങളില്‍ പൈപ്പു പൊട്ടി കുടിവെളളം മുടങ്ങുന്നതിന്റെ വാര്‍ത്താ പ്രാധാന്യവും ചോര്‍ന്നു കഴിഞ്ഞു. സമയത്ത് അറ്റകുറ്റപ്പണി നടത്താതെയും കേടുവന്ന മോട്ടോറുകള്‍ യഥാസമയം മാറ്റാതെയും വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളുടെ ക്ഷമ പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
തിരുവനന്തപുരത്തും കോഴിക്കോട്ടും ഒരേസമയം ശുദ്ധജല വിതരണം മുടങ്ങുന്നതൊന്നും അവര്‍ക്കു പ്രശ്നമല്ല. വെളളിമാടുകുന്നില്‍ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് നാലുദിവസമായി കോഴിക്കോട് നഗരത്തിന്റെ പല ഭാഗത്തും കുടിവെളള ക്ഷാമം അനുഭവപ്പെടുകയാണ്. അറ്റകുറ്റപ്പണി നടത്തി വരികയാണെന്നും ഉടന്‍ പമ്പിംഗ് പുനരാരംഭിക്കുമെന്നുമാണ് അധികൃതര്‍ നാലുനാളായി പറഞ്ഞു വരുന്നത്.
കുറ്റിക്കാട്ടൂര്‍ ബൂസ്റര്‍ സ്റേഷനിലെ കേടുവന്ന മോട്ടോര്‍ ഇനിയും മാറ്റി സ്ഥാപിച്ചിട്ടില്ല. 650 എച്ച് പി ശേഷിയുളള വലിയ മോട്ടോറിന്റെ മെയിന്‍ ഷാഫ്റ്റ് പൊട്ടിയിട്ട് മൂന്നാഴ്ചയായി. ആകെയുളള മൂന്ന് മോട്ടോറുകളില്‍ രണ്ടെണ്ണവും കോടാണ്. പണി തുടരുന്നെന്ന് പതിവു പല്ലവിയുണ്ടെങ്കിലും നഗരത്തിലെ കുടിവെളള വിതരണം ഏതു നിമിഷവും പാടെ നിലയ്ക്കാം.
തിരുവനന്തപുരത്ത് അമ്പലംമുക്കിലെ പൈപ്പു ചോര്‍ച്ചയ്ക്ക് വാട്ടര്‍ അതോറിറ്റിയുടെ പ്രായത്തോളം പഴക്കം വരും. ഇവിടത്തെ പൈപ്പിനു മാത്രമെന്താ ഇത്ര ചോര്‍ച്ചയെന്ന് നഗരത്തിനു വെളിയിലെ ആരും ചോദിച്ചു പോകും. അരുവിക്കരയില്‍ നിന്നും ശുദ്ധജലമെത്തിക്കുന്ന പ്രധാന പൈപ്പ് ഒരു ദിവസം പൊട്ടിയില്ലെങ്കില്‍ അതാണു വാര്‍ത്ത. ഏതായാലും ശുദ്ധജലമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റി ബദല്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ 328992 എന്ന അടിയന്തര നമ്പറില്‍ വിളിച്ചാല്‍ ശുദ്ധജലമെത്തുമത്രെ.












Click it and Unblock the Notifications