ക്ഷേത്രത്തിനടുത്ത് വാവര്‍ക്ക് പള്ളി
പാവറട്ടി: തൃശൂര്‍ ജില്ലയിലെ പാവറട്ടി മതമൈത്രിയുടെ സന്ദേശം രാജ്യത്തിന് മാതൃകയാകുന്നു. പാവറട്ടി എളവള്ളി പാറക്കാട് ചേലൂര്‍കുന്ന് അയ്യപ്പസ്വാമിക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്താണ് വാവര്‍ക്കായി ക്ഷേത്രംഭാരവാഹികള്‍ പള്ളി പണിതത്.
ദേവപ്രശ്നത്തെ തുടര്‍ന്നാണ് വാവര്‍ക്കായി പള്ളി പണിയാന്‍ തീരുമാനിച്ചത്. ഇതിന് മുമ്പ് ചെറിയൊരു പീഠമായിരുന്നു ഇവിടെ വാവരായി സങ്കല്പിച്ചിരുന്നത്.
1997ല്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ദേവന്റെ തിടമ്പ് കയറ്റുന്നതിനിടയില്‍ ആന ഇടയുകയും പാപ്പാനെയും ഒരു ഭക്തനെയും കുത്തിക്കൊല്ലുകയും ചെയ്തിരുന്നു. രണ്ടു പേരും സംഭവസ്ഥലത്തുവച്ച് മരിച്ചു. ഇതിനെ തുടര്‍ന്നാണ് ദേവപ്രശ്നം വച്ചത്.
മേഴത്തൂര്‍ അച്യുതന്‍ നായരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തിയ ദേവപ്രശ്നത്തില്‍ അയ്യപ്പസ്വാമി സന്നിധിയില്‍ പള്ളി നിര്‍മ്മിക്കുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ആയിരം അടിയിലധികം ഉയരമുള്ള കുന്നിന്‍മുകളിലാണ് വാവര്‍ പള്ളി സ്ഥാപിച്ചത്. ഇവിടെ ക്ഷേത്രം ശാന്തിക്കാരന്‍ എന്‍.എസ്. വേലായുധന്‍ രണ്ടു നേരവും മുടങ്ങാതെ വിളക്കുകൊളുത്തുന്നു. എട്ടേക്കര്‍ ഭൂമിയിലാണ് ക്ഷേത്രവും പള്ളിയും.












Click it and Unblock the Notifications