കൊല്‍ക്കത്ത ആക്രമണം: 2 പ്രതികള്‍ കൊല്ലപ്പെട്ടു
ജാര്‍ഖണ്ഡ്: കൊല്‍ക്കത്തയിലെ യുഎസ് സെന്റര്‍ ആക്രമണത്തിലെ രണ്ട് പ്രതികള്‍ കൊല്ലപ്പെട്ടു. രണ്ടു പേരും പാകിസ്ഥാന്‍ സ്വദേശികളാണ്. പൊലീസുമായി ഏറെ നേരം നീണ്ട വെടിവെപ്പിനുശേഷമാണ് രണ്ടു യുവാക്കളും കൊല്ലപ്പെട്ടത്.
പഞ്ചാബ് പ്രവിശ്യയില്‍പെട്ട മുല്‍ത്തനിലെ ഖാനാവല്‍ സ്വദേശികളായ മൊഹമ്മദ് ഇദ്രിസ് എന്ന മൊഹമ്മദ് സഹീദും സലിമും ആണ് കൊല്ലപ്പെട്ടതെന്ന് ഛോട്ടാനാഗ്പൂര്‍ ഡിഐജി എ.കെ. സിന്‍ഹ ജനവരി 28തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹസാരിബാഗിലുള്ള തീവ്രവാദികളുടെ ഒളികേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരസെക്രട്ടറി കമാല്‍ പാണ്ഡെ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
വെടിയേറ്റ രണ്ടു പേരില്‍ മൊഹമ്മദ് ഇദ്രിസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മരിക്കുന്നതിനു മുമ്പ് താന്‍ അമേരിക്കന്‍ സെന്റര്‍ ആക്രമണത്തിനു പിന്നിലുണ്ടായിരുന്നതായി ഇദ്രിസ് സമ്മതിച്ചെന്നും ഡിഐജി പറഞ്ഞു.
ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അധോലോകനായകന്‍ ഫര്‍ഹാന് ഹസാരിബാഗില്‍ ഒരു ഒളിത്താവളമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.
ഇതിനെതുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഫര്‍ഹാന്‍ ഏറ്റെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഫര്‍ഹാനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ലഷ്കര്‍ -എ- തോയിബ, ഹര്‍ക്കത്ത് -ഉല്‍ -ജിഹാദ് ഇസ്ലാമി എന്നീ രണ്ട് പാകിസ്ഥാന്‍ തീവ്രവാദിസംഘടനകളുമായി സഹകരിച്ചാണ്ഈ ആക്രമണം നടത്തിയതെന്നും ഫര്‍ഹാന്‍ അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications