ബിഎംഎസ്-സിഐടിയു കൂട്ടത്തല്ല്
ആലപ്പുഴ: പുന്നപ്രയില്‍ തൊഴില്‍ അവകാശത്തെച്ചൊല്ലി സിഐടിയു- ബിഎംഎസ് കൂട്ടത്തല്ല്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലാക്കി.
ശ്രീദേവി തിയറ്ററിനു തെക്കുവശത്തുള്ള ഒരു കടമുറിനിര്‍മ്മാണത്തിന്റെ അവകാശത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂത്ത് സംഘട്ടനത്തിലെത്തി.
പുന്നപ്ര ചന്തയിലെ കച്ചവടക്കാരനായ മന്‍സൂര്‍ പുതുതായി നിര്‍മ്മിക്കുന്ന കടമുറിയുടെ പണിയെച്ചൊല്ലിയാണ് തര്‍ക്കം. കടമുറിയുടെ നിര്‍മ്മാണജോലികളില്‍ ഒരു പങ്ക് തങ്ങള്‍ക്കും തരണമെന്നായിരുന്നു ബിഎംഎസിന്റെ ആവശ്യം. എന്നാല്‍ സിഐടിയുക്കാര്‍ അതിനു സമ്മതിച്ചില്ല.
കടമുറിയുടെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ മണിയപ്പന്‍ എന്ന സിഐടിയു നേതാവാണ് ഏറ്റെടുത്തിരുന്നത്. ജനവരി 28തിങ്കളാഴ്ചയായിരുന്നു കടമുറിയുടെ കോണ്‍ക്രീറ്റിംഗ് പണി. നേരത്തെ സ്ഥലത്തെത്തി കോണ്‍ക്രീറ്റിംഗ് പണി തുടങ്ങിയെന്നതിന്റെ പേരിലാണ് മണിയപ്പനെ ഒരു സംഘം ബിഎംഎസുകാര്‍ ആദ്യം മര്‍ദ്ദിച്ചത്. തുടര്‍ന്ന് ബിഎംഎസുകാരും സിഐടിയുക്കാരും തമ്മില്‍ കൂട്ടത്തല്ലായി.
ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് ബിനീഷ് ബോയി, ബിഎംഎസ് മേഖലാസെക്രട്ടറി അനില്‍കുമാര്‍ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടനിര്‍മ്മാണത്തിന്റെ അവകാശത്തെച്ചൊല്ലി പുന്നപ്ര, പറവൂര്‍, കളര്‍കോട് പ്രദേശങ്ങളില്‍ സംഘട്ടനങ്ങള്‍ പതിവാണ്. നിര്‍മ്മാണഅവകാശത്തിന്റെ ഒരു കൃത്യമായ അവകാശം തങ്ങള്‍ക്കും നല്കണമെന്നതാണ് ബിഎംഎസിന്റെ ആവശ്യം.












Click it and Unblock the Notifications