സച്ചിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതി
ദില്ലി : ഡോ. എ.പി.ജെ.കലാമിനെ വധിക്കാനും സച്ചിന്‍, ഗാംഗുലി എന്നിവരെ തട്ടിക്കൊണ്ടു പോകാനും അബാദ് അന്‍സാരി പദ്ധതിയിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കൊല്‍ക്കൊത്തയിലെ അമേരിക്കന്‍ സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദികളെന്നു അവകാശപ്പെടുന്ന ഭീകരസംഘമാണ് അന്‍സാരിയുടേത്. ഇവര്‍ക്ക് ഐഎസ്ഐ പിന്തുണയുമുണ്ട്.
നാലുമാസങ്ങള്‍ക്കു മുമ്പാണ് സംഘം കലാമിനെ വധിക്കാന്‍ പരിപാടിയിട്ടത്. ലക്ഷ്യം നേടാന്‍ അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. ബീഹാറില്‍ വച്ച് കൃത്യം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പറ്റിയ ആയുധങ്ങള്‍ യഥാസമയം കിട്ടാത്തതിനാല്‍ ഉദ്ദേശം നടന്നില്ല.
പണത്തിനു വേണ്ടിയാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസത്തെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്. തീഹാര്‍ ജയിലിലുളള ലഷ്കര്‍-എ- തോയിബ നേതാവ് മുഹമ്മദ് അമീര്‍ ഖാന്റെ മോചനത്തിന് വില പേശാനാണ് ഗാംഗുലിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ചത്. തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് ജനവരി 22 വൈകുന്നേരം മുതല്‍ ഗാംഗുലിയുടെ വീടിന്റെ സുരക്ഷാ സൗകര്യങ്ങള്‍ കര്‍ക്കശമാക്കി.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്‍സാരി ഇപ്പോള്‍ ഇസ്ലാമബാദിനടുത്തുളള ഖ്വാസിം ബസാറിലുളളതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. അനവധി ഭീകരസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. തീഹാര്‍ ജയിലില്‍ കഴിയുന്ന വേളയിലാണ് പലരുമായും ഇയാള്‍ പരിചയത്തിലായത്.












Click it and Unblock the Notifications