ജനം തടഞ്ഞു; ടോള്‍ ഗേറ്റ് സ്ഥാപിച്ചില്ല
റാന്നി : റാന്നി പാലത്തില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനം തടഞ്ഞു. ഉപരോധത്തിന് ആയിരങ്ങള്‍ തടിച്ചു കൂടിയപ്പോള്‍ ഉദ്യോഗസ്ഥര്‍ പിന്തിരിഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ടോള്‍ പിരിവില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാലം നിര്‍മ്മാതാക്കളോട് പൊതുമരാമത്ത് അധികൃതര്‍ ആവശ്യപ്പെട്ടു.
ടോള്‍ ഗേറ്റ് സ്ഥാപിക്കാന്‍ രാവിലെ എട്ടുമണിയോടെ പാലത്തിനു സമീപമെത്തിയ അസിസ്റന്റ് എക്സി. എഞ്ചിനീയര്‍ ബാലാനന്ദന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ സ്ഥലത്ത് തടിച്ചു കൂടിയിരുന്ന വന്‍ജനക്കൂട്ടം വളഞ്ഞു. സാധനങ്ങള്‍ കൊണ്ടുവന്ന ലോറി തടഞ്ഞ് അവ മുഴവന്‍ ഉടനടി വലിച്ച് പുറത്തിട്ടു. ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ടോള്‍ പിരിവിന്റെ താല്‍ക്കാലിക ചുമതലയുളള സ്വകാര്യ കരാറുകാരനും ഉണ്ടായിരുന്നതായി പറയുന്നു.
ജനങ്ങളുടെ പ്രതിഷേധത്തിന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍മാരായ ഫ്രാന്‍സിസ് ജോര്‍ജ് എം.പി, രാജു എബ്രഹാം എംഎല്‍എ, ബിജിലി പനവേലി എന്നിവര്‍ നേതൃത്വം നല്‍കി. ഇവരുടെ നേതൃത്വത്തില്‍ പ്രകടനമായി വന്ന ജനം പാലം ഉപരോധിച്ചു. തുടര്‍ന്ന് ഒരു മണക്കൂറോളം ഗതാഗതം തടസപ്പെട്ടു. ജനവികാരം ശക്തമായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. തുടര്‍ന്ന് റാന്നിയില്‍ പ്രതിഷേധ യോഗം നടന്നു.
ടോള്‍ പിരിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്ഥലം എംഎല്‍എയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണി മുതല്‍ ജനക്കൂട്ടം പാലത്തിന് താല്‍ക്കാല ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ടോള്‍ പിരിക്കാനുളള ശ്രമം എപ്പോഴുണ്ടായാലും ശക്തമായി നേരിടാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.












Click it and Unblock the Notifications