നേതാക്കളെ കരുതല്‍ തടവിലിടാന്‍ നീക്കം
തിരുവനന്തപുരം : ജീവനക്കാരുടെ സംഘടനാ നേതാക്കളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ പൊലീസ് നീക്കം. ജോലിയ്ക്ക് ഹാജരാകുന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ മറവിലാണ് അറസ്റ് നീക്കം. സമരം പൊളിക്കാന്‍ ഏതളവു വരെയും പോകാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നു തന്നെയാണ് സൂചന.
തിരുവനന്തപുരത്ത് ചേര്‍ന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്തെന്നറിയുന്നു. ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ചായിരിയ്കും ഇത്. ഇത്തരം അറസ്റിന് എസ്മയില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പണിമുടക്കിനെ കര്‍ശനമായി നേരിടാനുളള എല്ലാ ഒരുക്കങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കും. ബുധനാഴ്ചയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച തന്നെ തലസ്ഥാന ജില്ലയില്‍ സമരത്തിന്റെ പ്രതീതിയായിരുന്നു. പ്രതിപക്ഷ യൂണിയനുകള്‍ വിളംബര ജാഥ നടത്തിയും ഭരണപക്ഷ യൂണിയനുകള്‍ പ്രചരണയോഗങ്ങള്‍ നടത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു.
ചൊവാഴ്ച രാവിലെ നടക്കുന്ന ചര്‍ച്ച അലസിപ്പിരിയാനാണ് സാദ്ധ്യത. ജീവനക്കാരോട് സത്യാവസ്ഥ വിശദീകരിക്കുമെന്നല്ലാതെ പുതിയ നിര്‍ദ്ദേശങ്ങളോ വാഗ്ദാനങ്ങളോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. മുഖ്യമന്ത്രിയുടെ സൂചനകളും ഈ ദിശയിലാണ്.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാലും തങ്ങള്‍ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന് ഭരണപക്ഷ യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. മരവിപ്പിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാതെ വിട്ടുവീഴ്ചയില്ലെന്നാണ് എന്‍ജിഒ യൂണിയന്റെയും നിലപാട്.
സമരത്തിന് സിപിഎമ്മിനു പുറമെ ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications