ഭാരത് പെട്രോളിയം ഓഹരി ഐ ഒ സി ക്ക്, വി എസ് എന്‍ എല്‍ ടാറ്റയ്ക്
ദില്ലി : കേന്ദ്രം രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നു. ഭാരത് പെട്രോളിയം, വിഎസ്എന്‍എല്‍ എന്നിവയുടെ ഓഹരികളാണ് വില്‍ക്കുന്നത്. ഭാരത് പെട്രോളിയത്തിലെ സര്‍ക്കാര്‍ ഓഹരികള്‍ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വിഎസ്എന്‍എല്ലിന്റെ ഓഹരികള്‍ ടാറ്റാസിനും വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ കമ്പനികള്‍ ഓഹരി വാങ്ങാനായി നല്‍കിയിരുന്ന ദര്‍ഘാസുകള്‍ ഫിബ്രവരി അഞ്ച് ചൊവാഴ്ച പരിശോധിച്ചാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.
ഭാരത് പെട്രോളിയത്തിലെ 33.58 ശതമാനം ഓഹരികള്‍ വാങ്ങാനുളള ഐഒസിയുടെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് കേന്ദ്ര ഖനി വ്യവസായ മന്ത്രി മുരളി മനോഹര്‍ ജോഷി പ്രസ്താവിച്ചു. വിഎസ്എന്‍എല്ലിലെ 25 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ ടാറ്റാസിനും കൈമാറും.
ഈ ഓഹരിക്കൈമാറ്റത്തിലൂടെ 2,500 കോടി രൂപ സമാഹരിക്കാന്‍ കഴിയും. കരാറിന് അംഗീകാരം നല്‍കാന്‍ ഓഹരി വിറ്റഴിക്കലിനായുളള മന്ത്രിസഭാ സമിതി ചൊവാഴ്ച യോഗം ചേരുന്നുണ്ട്.
ഭാരത് പെട്രോളിയം ഓഹരിയ്ക്ക് 1,300 രൂപ നിരക്കിലാണ് ഐഒസിയ്ക്ക് കൈമാറുന്നത്. വിഎസ്എന്‍എല്‍ ഓഹരി 205 രൂപ നിരക്കിലും. ടാറ്റാ പവര്‍, ടാറ്റാ സ്റീല്‍, മറ്റ് ടാറ്റാ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ അപേക്ഷയാണ് വിഎസ്എന്‍എല്‍ ഓഹരി വാങ്ങാന്‍ അവരെ അര്‍ഹരാക്കായത്.
ഭാരത് പെട്രോളിയത്തിന്റെ ഓഹരി വാങ്ങാന്‍ ശ്രമിച്ചവരില്‍ ഷെല്‍ , കുവൈറ്റ് പെട്രോളിയം, റിലയന്‍സ് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ പുറംതളളിയാണ് പൊതുമേഖലയിലുളള ഐഒസി ഓഹരി കൈക്കലാക്കിയത്.
വി എസ് എന്‍ എലിന്റെ ഓഹരി വാങ്ങാനായി ടാറ്റയും റിലയന്‍സും മാത്രമേ ദര്‍ഘാസുകള്‍ നല്‍കിയിരുന്നുള്ളു.












Click it and Unblock the Notifications