അക്രമം നടത്തിയാല്‍ ജയിലിലടയ്ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : പണിമുടക്കില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. അക്രമം നടത്തുന്ന ജീവനക്കാരെ അറസ്റു ചെയ്യാനും ജയിലടയ്ക്കാനും സര്‍ക്കാര്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ആരൊക്കെ കഷ്ടപ്പെട്ടാലും തങ്ങള്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ ലഭിക്കണമെന്ന ജീവനക്കാരുടെ നിലപാട് അംഗീകരിക്കാനാവില്ല. വികസനം മരവിച്ചാലും പദ്ധതികള്‍ മുടങ്ങിയാലും ജീവനക്കാര്‍ മാത്രം സുഖിക്കണമെന്നാണ് അവരുടെ നിലപാടെന്ന് ആന്റണി ആരോപിച്ചു.
സമരം സാധാരണ ജനങ്ങള്‍ക്കെതിരാണ്. അവരുടെ പിന്തുണയോടെ സര്‍ക്കാര്‍ സമരത്തെ നേരിടും. ജീവനക്കാരുമായുളള ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാന്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അനുവദിക്കാതിരുന്നതില്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് വാര്‍ത്താ ലേഖകര്‍ മന്ത്രിസഭാ തീരുമാനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയത്.












Click it and Unblock the Notifications