ഓഹരി വില്‍പന കേരളത്തിന് ദോഷമെന്ന് പാന്ഥെ
കൊച്ചി : പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്കാനുള്ള കേന്ദ്ര തീരുമാനം കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് എം കെ പാന്ഥെ. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല, ഫാക്ട്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്് കെമിക്കല്‍സ്, എച്ച്എംടി, കൊച്ചി തുറമുഖം എന്നിവ സ്വകാര്യവത്കരിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി പ്രസ്താവിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചതു കാരണം സംസ്ഥാനം ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന കൂടി പൂര്‍ത്തിയാകുമ്പോള്‍ സാമ്പത്തിക തകര്‍ച്ച പൂര്‍ണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യവത്കരണത്തെ അന്ധമായി പിന്തുണയ്ക്കുന്നതാണ് യുഡിഎഫ് നയം. അതുകൊണ്ടാണ് ഈ പ്രശ്നത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തതെന്ന് പാന്ഥെ ആരോപിച്ചു. സ്വകാര്യവത്കരണ നടപടികള്‍ക്കെതിരെ നിയമസഭയുടെ പ്രമേയം പാസാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും യോജിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന് സിഐടിയുവിന്റെ എല്ലാ പിന്തുണയും പാന്ഥെ പ്രഖ്യാപിച്ചു. സമരത്തെ നേരിടാന്‍ എസ്മ പ്രയോഗിച്ച സര്‍ക്കാര്‍ നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.












Click it and Unblock the Notifications