മാര്‍ച്ചോ മാച്ചോ?
തിരുവനന്തപുരം: എസ്.എഫ്.ഐ.യുടെ തിരുവനന്തപുരം ഘടകം ഫിബ്രവരി അഞ്ച് ചൊവാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍, അക്രമം ഒഴിവാക്കാന്‍ നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. എസ്.എഫ്.ഐ.യുടെ പ്രതീക്ഷയ്ക്കൊത്ത് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികളെ കിട്ടിയില്ല. സ്കൂളുകളും കോളേജുകളും അവധിയാണല്ലോ. അവസാനം നൂറെങ്കില്‍ നൂറ് എന്നുപറഞ്ഞ് മാര്‍ച്ച് നടത്തി നേതാക്കള്‍ പിരിഞ്ഞു.
മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കാനെത്തിയവരാണ് എന്നതാണ് ബഹുരസം. മാത്രമോ, കുട്ടികളുടെ നിര്‍ബന്ധപ്രകാരം മാര്‍ച്ച് നേരത്തെ നടത്തേണ്ടിവന്നു. ഉച്ചയ്ക്ക് 12.30ന് നടത്തുമെന്നു പറഞ്ഞ മാര്‍ച്ച് ആ സമയമായപ്പോഴേക്ക് തീര്‍ന്നു. കാര്യമെന്തെന്നല്ലേ? കുട്ടികള്‍ക്ക് ക്രിക്കറ്റ് മാച്ചിന് പോകണമായിരുന്നു. മാര്‍ച്ചിന് പോകണമെന്ന് ആവശ്യപ്പെട്ടത് എസ്.എഫ്.ഐ. നേതാക്കളായതുകൊണ്ട് (അതോ, ജീവനില്‍ പേടിയുള്ളതുകൊണ്ടോ?) അവര്‍ കളി അല്പനേരത്തേക്ക് നീട്ടിവച്ചുവെന്നു മാത്രം.
മാര്‍ച്ച് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും മാര്‍ച്ച് നടന്നുവെന്ന ആശ്വാസത്തില്‍ നേതാക്കള്‍ വിശ്രമിക്കുമ്പോള്‍ ഒരു മാര്‍ച്ചു കൂടി അക്രമരഹിതമായി നടന്നുവെന്ന് സര്‍ക്കാരിന് ആശ്വസിക്കാം.
സ്കൂളുകള്‍ക്ക് അവധി നല്‍കിയതിനാല്‍ ഇന്ന് മാര്‍ച്ചില്ലല്ലോ എന്ന് കോണ്‍ഗ്രസ് ജില്ലാ ഓഫീസില്‍ നിന്ന് രാവിലെ എസ്.എഫ്.ഐ. നേതാക്കളോട് ഫോണില്‍ ചോദിച്ചിരുന്നത്രേ! എന്തായാലും സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമരം നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കാതെ എസ്.എഫ്.ഐ. മാര്‍ച്ച് നടന്നുവെന്ന് സമാധാനിക്കാം.












Click it and Unblock the Notifications