നാദാപുരം : നഷ്ടപരിഹാരം അനുവദിച്ചു
കോഴിക്കോട് : നാദാപുരം കലാപത്തില്‍ സ്വത്തു നഷ്ടപ്പെട്ട 35 പേര്‍ക്ക് സര്‍ക്കാര്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. ഇതു സംബന്ധിച്ച് തനിക്ക് സര്‍ക്കാരില്‍ നിന്നും അറിയിപ്പു കിട്ടിയതായി സ്ഥലം എംഎല്‍എ ബിനോയ് വിശ്വം പ്രസ്താവനയില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായം അനുവദിച്ചത്. 2001 ജൂണിലായിരുന്നു കലാപം.
യഥാര്‍ത്ഥ നഷ്ടവുമായി കണക്കാക്കുമ്പോള്‍ തുക മതിയാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്നാല്‍ ഇത്രയെങ്കിലും അനുവദിച്ചതില്‍ അദ്ദേഹം സര്‍ക്കാരിന് നന്ദി പറഞ്ഞു. ചെക്യാട് പഞ്ചായത്തിലാണ് തുക വിതരണം ചെയ്യുക. കുമ്മനാട്,വളയം, കല്ലാച്ചി, തെരുവമ്പറമ്പ്, കക്കാട്ടില്‍, മൊകേരി പ്രദേശങ്ങളെ അവഗണിക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു.
നഷ്ടപരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് ഫിബ്രവരി 14ന് കോഴിക്കോട് കളക്ടറേറ്റിനു മുന്നില്‍ എല്‍ഡിഎഫ് ധര്‍ണ പ്രഖ്യാപിച്ചിരുന്നതാണ്. മുഴുവന്‍ നഷ്ടപരിഹാരത്തുകയും വിതരണം ചെയ്യും വരെ സമരവുമായി മുന്നോട്ടു പോകുമെന്ന് ബിനോയ് വിശ്വം അറിയിച്ചു.












Click it and Unblock the Notifications