ഭീരുക്കളെ പൊലീസ് സേനയ്ക്് വേണ്ടെന്ന് ഡിജിപി
തിരുവനന്തപുരം : പൊലീസ് സേനയാകെ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് പുതിയ ഡിജിപി. ഏതു തെറ്റ് ക്ഷമിച്ചാലും അഴിമതിയ്ക്ക് മാപ്പു നല്‍കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളാ പൊലീസ് സേനാംഗങ്ങള്‍ക്ക് ഒരു സന്ദേശം എന്ന സര്‍ക്കുലറിലാണ് ഡിജിപി കെ.ജെ.ജോസഫിന്റെ വെളിപ്പെടുത്തലും മുന്നറിയിപ്പും. ഫിബ്രവരി ഒന്നിനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഇന്‍സ്പെക്ടര്‍മാരും ഡിവൈഎസ്പിമാരും അടങ്ങിയ മധ്യനിരയുടെ പ്രവര്‍ത്തനത്തെ സര്‍ക്കുലര്‍ നിശിതമായി വിമര്‍ശിക്കുന്നു. സുപ്രധാന മേല്‍നോട്ടക്കാരായ ഇവര്‍ വഴിമാറി നടക്കുന്നത് സേനയുടെ പരാജയത്തിന് പ്രധാന കാരണമാണ്. ഇവരില്‍ ചിലര്‍ വേഷം മാറിയ സാമൂഹ്യവിരുദ്ധരുടെ സേവകരായി അധപതിച്ചു.
ഐപിഎസുകാരടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ സുഖലോലുപരായി മാറി. സ്വാധീന ശക്തികളുമായി സഹകരിച്ച് ഉത്തരവാദിത്വം മറന്ന് കാഴ്ചക്കാരായി നില്‍ക്കുന്നെന്നും സ്വയം ന്യായീകരിക്കാനായി പ്രചരിപ്പിക്കുന്ന പുതിയ തത്ത്വങ്ങള്‍ ശരിയും തെറ്റും തിരിച്ചറിയാനാകാത്ത സാഹചര്യമുണ്ടാക്കുന്നതായും സന്ദേശം സൂചിപ്പിക്കുന്നു.
പൊലീസ് ജോലിയെ തൊഴിലിനപ്പുറമുളള സമര്‍പ്പണമായി കണക്കാക്കാന്‍ ഡിജിപി സേനാംഗങ്ങളെ ആഹ്വാനം ചെയ്തു. അവരുടെ ചുമതലാ ബോധത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന അധപതനം ജനങ്ങളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ട്. സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയും അധികാരവിനിയോഗം പൊലീസുകാരന് അന്യമാകുന്നതായി അദ്ദേഹം വിലയിരുത്തുന്നു. അധികാരികളുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റവും പ്രസ്താവനകളും ഇതിനു മറയാകുന്നു. ജന സംരക്ഷണത്തിനുളള പ്രാഥമിക ചുമതല പൊലീസ് സ്റേഷനില്‍ നിക്ഷിപ്തമാണ്. അലസരായ പൊലീസുകാരെയും ഭീരുക്കളായ എസ്ഐമാരെയും കേരളാ പൊലീസിനു വേണ്ട.- ഡിജിപി തുറന്നടിക്കുന്നു.
ഇന്ന് കേരളാ പൊലീസിന് ചില ചികിത്സാ വിധികള്‍ ആവശ്യമുണ്ട്. തുളളി മരുന്നില്‍ തുടങ്ങാം. ശസ്ത്രക്രിയയ്ക്കും തയ്യാറായിരിക്കുക. കാര്യക്ഷമമായ ഒരു പൊലീസ് സേനയെ നമുക്ക് കെട്ടിപ്പെടുക്കാം സന്ദേശം ഇങ്ങനെ അവസാനിപ്പിക്കുന്നു.












Click it and Unblock the Notifications