ഇന്ത്യയ്ക്ക് 705 കോടിയുടെ യുഎസ് സഹായം
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അവതരിപ്പിച്ച 2003ലേക്കുള്ള ബജറ്റ് നിര്‍ദേശങ്ങളില്‍ ഇന്ത്യയ്ക്ക് 15.118 (എകദേശം 705 കോടി രൂപ) കോടി ഡോളറിന്റെ സഹായം നല്‍കുന്നതിന് നിര്‍ദേശം. ഇതില്‍ സൈനിക സഹായവും ഉള്‍പ്പെടും.
പാകിസ്ഥാനും ജോര്‍ദാനും പോലെ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ ഒരു മുന്‍നിര രാജ്യമായാണ് യുഎസ് കാണുന്നതെന്ന് യുഎസ് വക്താക്കള്‍ അറിയിച്ചു.
വിവിധ വകുപ്പുകളിലെ പദ്ധതികള്‍ക്കായാണ് 7.511 കോടി ഡോളറിന്റെ സഹായം ഇന്ത്യയ്ക്ക് നല്‍കുന്നത്. 7.51 കോടി ഡോളര്‍ വികസനത്തിനും ശിശുക്ഷേമത്തിനും ആരോഗ്യ പദ്ധതികള്‍ക്കുമായാണ്.
അഞ്ച് കോടി ഡോളര്‍ തീവ്രവാദത്തിനെതിരായ പോരാട്ടത്തിനായാണ്. 10 ലക്ഷം ഡോളര്‍ അന്തര്‍ദേശീയ സൈനിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായും നല്‍കും. യുഎസിന്റെ വിദേശ സൈനിക സാമ്പത്തിക സഹായ പദ്ധതിയനുസരിച്ചാണ് ഈ സഹായം.
2.5 കോടി ഡോളര്‍ ഊര്‍ജമേഖലയ്ക്കും പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനും വിപണി സമ്പദ്വ്യവസ്ഥയ്ക്കും പ്രകൃതിദുരന്തങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ക്കായുമായാണ്.
305 കോടി ഡോളര്‍ സഹായം പാകിസ്ഥാന് നല്‍കാനാണ് ബജറ്റ് നിര്‍ദേശം. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയും തീവ്രവാദത്തിനെതിരായ യുദ്ധത്തിന് വേണ്ട ചെലവുകളും കണക്കിലെടുത്താണ് ഇത്രയും സഹായം പാകിസ്ഥാന് നല്‍കുന്നതെന്ന് യുഎസ് വക്താക്കള്‍ പറഞ്ഞു.












Click it and Unblock the Notifications