ചങ്ങനാശേരിയില്‍ സിപിഎം- ബിജെപി സംഘട്ടനം
ചങ്ങനാശേരി : സിപിഎം-ബിജെപി സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. പൊലീസ് കാവലുണ്ടായിരുന്ന സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലറുടെയും ബിജെപി നേതാവിന്റെയും വീടുകള്‍ക്കു നേരെ അക്രമം ഉണ്ടായി.
ഡിവൈഎഫ്ഐ ഒവറ യൂണിറ്റ് സെക്രട്ടറി സിനാജ് അസീസ്, ജയപ്രകാശ് അട്ടച്ചിറ എന്നിവരെയാണ് കഴിഞ്ഞ രാത്രി ഒരു സംഘം ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പെരുന്നയിലെ ധന്യ തിയേറ്ററിനു സമീപം വച്ചായിരുന്നു ആക്രമണം. ഇവരെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കും അക്രമികള്‍ വടിവാളുകൊണ്ട് വെട്ടി നശിപ്പിച്ചു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിനെ തുടര്‍ന്ന് ബിജെപി നേതാവ് ഐക്കര സുരേന്ദ്രനാഥിന്റെ വീടിനു നേരെ അക്രമമുണ്ടായി. രാത്രി ഒമ്പതു മണിയോടെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ സുരേന്ദ്രനാഥിന്റെ വിട്ടിലെത്തിയാണ് അക്രമം നടത്തിയത്. വീടും പോര്‍ച്ചിലിരുന്ന സ്ക്കൂട്ടറും അക്രമികള്‍ തകര്‍ത്തു. കെട്ടിയിട്ടിരുന്ന നായയെ വരെ അടിച്ചവശനാക്കിയിട്ടാണ് സംഘം സ്ഥലം വിട്ടത്.
തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ സിപിഎം നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ പിഎസ് മനോജ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. രാത്രി മനോജിന്റെ വീടിന് കാവലേര്‍പ്പെടുത്തി. എന്നാല്‍ പുലര്‍ച്ചെ മൂന്നരയോടെ മാരകായുധങ്ങളുമായെത്തിയ സംഘം വീടിന്റെ പോര്‍ച്ചില്‍ കിടന്ന പുതിയ മാരുതി കാര്‍ അടിച്ചു തകര്‍ത്തു. വീടിനും നാശം വരുത്തിയിട്ടുണ്ട്.
തൈപ്പൂയ കാവടി ദിനത്തില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications