ജീവനക്കാരില്ല: കച്ചവടം തണുത്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സെക്രട്ടേറിയറ്റ് പരിസരത്തെ കച്ചവടത്തെ ബാധിച്ചു. ചെറുകിടക്കാര്‍ മാത്രമല്ല, വന്‍കിടക്കാര്‍ക്കും ഈച്ചയാട്ടിയിരിക്കേണ്ട ഗതികേടാണ്.
ശിവദാസ് എന്ന പച്ചക്കറിവില്പനക്കാരന്റെ കാര്യമെടുക്കാം. ദിവസവും വൈകുന്നേരം ആറുമണിയാകുമ്പോഴേക്കും റോഡരികില്‍ നിരത്തിയ പച്ചക്കറികളെല്ലാം വിറ്റുതീരുന്നതാണ് ശിവദാസന്റെ കച്ചവടത്തിലെ പതിവ്. പക്ഷെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തുടങ്ങിയ ബുധനാഴ്ച വൈകുന്നേരം ആറുമണിയായപ്പോഴും കൊണ്ടുവന്ന പച്ചക്കറിയുടെ 90 ശതമാനവും ബാക്കിയായി.
സെക്രട്ടേറിയറ്റിനു മുമ്പിലുള്ള അരിസോന ഹോട്ടലില്‍ ഫിബ്രവരി ഏഴ് വ്യാഴാഴ്ചത്തെ കച്ചവടം പതിവുള്ളതിന്റെ വെറും 50 ശതമാനം മാത്രം. ഹോട്ടല്‍ പങ്കജിലെ 40 മുറികള്‍ക്കും രണ്ടു ദിവസം മുമ്പ് ആളുണ്ടായിരുന്നെങ്കില്‍ വ്യാഴാഴ്ച ആകെ പോയത് എട്ടുമുറികള്‍ മാത്രം.
സെക്രട്ടേറിയറ്റിനു മുമ്പിലെ എസ്ഡി ഫാര്‍മസിയില്‍ ദിവസവും ആയിരം രൂപയുടെ കച്ചവടം പതിവുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും ആകെ 400 രൂപയുടെ വീതം കച്ചവടമാണ് നടന്നത്. പക്ഷെ ദിനപത്രവില്പനക്കാര്‍ക്ക് നല്ല കോളാണ്.
ഓട്ടോക്കാര്‍ക്കും ശരാശരി ഓട്ടത്തിന്റെ 25 ശതമാനമേ ഇപ്പോള്‍ ഉള്ളൂ.












Click it and Unblock the Notifications