കാഞ്ചീപുരത്ത് കലാമിന്റെ വിജ്ഞാനനഗരം
കാഞ്ചീപുരം: കാഞ്ചീപുരത്ത് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിജ്ഞാനനഗരം ഒരുങ്ങുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ഭാവിതന്നെ കരുപ്പിടിപ്പിക്കാന്‍ കരുത്തുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് അബ്ദുള്‍ കലാം.
പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവെന്ന സ്ഥാനം വലിച്ചെറിഞ്ഞ് ഈ ദൗത്യത്തിനിറങ്ങിയ അബ്ദുള്‍ കലാം ആദ്യ വിജ്ഞാനനഗരമാണ് കാഞ്ചീപുരത്ത് വിഭാവനം ചെയ്യുന്നത്. കാഞ്ചീപുരത്തെ മുഴുവന്‍ ഗ്രാമങ്ങളെയും കണ്ണിചേര്‍ത്തുകൊണ്ടുളള ഈ നഗരം കാഞ്ചീപുരം മഠവുമായി ചേര്‍ന്നാണ് യാഥാര്‍ത്ഥ്യമാക്കുക.
ഈ വിജ്ഞാനനഗരത്തിന്റെ പ്രധാനകേന്ദ്രം ഏനത്തൂരിലെ ഡീംഡ് സര്‍വകലാശാലയായിരിക്കും. ഈ സ്വയംപര്യാപ്തനഗരത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാങ്കേതിക-മെഡിക്കല്‍ കോളെജുകള്‍, ആരോഗ്യ-ശാസ്ത്രകേന്ദ്രങ്ങള്‍, വ്യവസായക്കെട്ടിടങ്ങള്‍, ശാസ്ത്രജ്ഞരെ സൃഷ്ടിക്കാനുള്ള ഗവേഷണ-വികസന യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കും.
ഗ്രാമങ്ങളില്‍ നിന്നും നഗരത്തിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കലാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഗ്രാമങ്ങള്‍ സ്വയംപര്യാപ്തമായാല്‍ അവര്‍ക്ക് നഗരങ്ങളിലേക്ക് കുടിയേറേണ്ടിവരുന്നില്ല. അതോടെ നഗരത്തിലെ ചേരികളും ഇല്ലാതാകും.-ഇതാണ് അബ്ദുള്‍ കലാമിന്റെ സ്വപ്നം.
വിജ്ഞാനനഗരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആറ് മെഗാവാട്ട് ശേഷിയുള്ള ഒരു പവര്‍ ജനറേറ്ററും ബയോ മെക്കാനിക്കല്‍ യൂണിറ്റും ഉടനെ സ്ഥാപിക്കുമെന്ന് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ പറഞ്ഞു.












Click it and Unblock the Notifications