ഗാന്ധിജിയും വാണിജ്യ മുദ്രയായി
ദില്ലി : മഹാത്മാ ഗാന്ധിയുടെ ചിത്രം ഇനി പരസ്യങ്ങള്‍ക്കുപയോഗിക്കണമെങ്കില്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയുടെ അനുവാദം വാങ്ങണം. കാരണം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇനി മുതല്‍ വാണിജ്യമുദ്രയാണ് (ബ്രാന്‍ഡ് നെയിം). തുഷാര്‍ ഗാന്ധി തന്റെ അപ്പൂപ്പന്റെ പേര് വാണിജ്യമുദ്രയാക്കാനുളള അനുവാദം അമേരിക്കയിലെ സിഎംജി വേള്‍ഡ് വൈഡ് കമ്പനിയ്ക്കാണ് നല്‍കിയത്.
അനാവശ്യമായി അദ്ദേഹത്തിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. മാംസത്തിന്റെ വിപണനത്തിനു വരെ അദ്ദേഹം ഉപയോഗിക്കപ്പെടുകയാണ്- ഗാന്ധി ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റിയായ തുഷാര്‍ ഗാന്ധി പറയുന്നു.
സിഎംജി ഓര്‍മ്മിപ്പിച്ചപ്പോഴാണ് താനിക്കാര്യത്തെക്കുറിച്ച് ബോധവാനായതെന്നും അദ്ദേഹം അറിയിച്ചു. പരസ്യങ്ങള്‍ക്കു വേണ്ടി ഗാന്ധി ചിത്രം ഉപയോഗിക്കുന്നതിനു മുമ്പ് തന്റെ അനുവാദം വാങ്ങിയിരിക്കണം. ചിത്രവും ഡിസൈനും എവിടെ എന്തിന് ഉപയോഗിക്കുന്നുവെന്നുമെല്ലാം അറിയിക്കണം. വ്യാപാരേതര ആവശ്യങ്ങള്‍ക്ക് പ്രതിഫലം വാങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു.
സിഎംജി വഴി ലഭിക്കുന്ന പണം പോര്‍ബന്തറിലെ കസ്തൂര്‍ബാ ഗാന്ധിയുടെ കുടുംബ വീട് പുനര്‍നിര്‍മിക്കാന്‍ ഉപയോഗിക്കും. ഈ വീട് മ്യൂസിയമാക്കി സംരക്ഷിക്കുന്നതിന് ഒരുകോടി രൂപയുടെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കച്ച് മേഖലയില്‍ ഒരു അണക്കെട്ട് നിര്‍മ്മിക്കുന്നതിനും കുറച്ച് പണം വിനിയോഗിക്കും. ഈ നീക്കത്തോടെ ഗാന്ധിജി ഡയാനാ രാജകുമാരിയുടെയും മര്‍ലിന്‍ മണ്‍റോയുടെയും നിരയിലായിരിക്കുകയാണ്. ഇവരുടെ ചിത്രങ്ങളും ഇത്തരത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications