ഐ ഗ്രൂപ്പ് പിളര്‍പ്പിലേയ്ക്ക് ?
കൊച്ചി: മുരളീധരന് പിന്നാലെ, ഐ ഗ്രൂപ്പിലെ തന്നെ ചില മന്ത്രിമാരും കരുണാകരനെതിരെ നിലപാടെടുത്തതിനെ തുടര്‍ന്ന് ഐ ഗ്രൂപ്പ് പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണോ?
ഡിസിസി പുന:സംഘടനയില്‍ ഐ ഗ്രൂപ്പിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് തന്റെ ഗ്രൂപ്പില്‍ പെട്ട മന്ത്രിമാരോട് രാജിവയ്ക്കാന്‍ കരുണാകരന്‍ ആവശ്യപ്പെട്ടെങ്കിലും ഇതില്‍ കടവൂര്‍, കെ.വി. തോമസ് എന്നിവര്‍ അതിന് വിസമ്മതിച്ചതായാണ് അറിയുന്നത്. ഇതില്‍ പി. ശങ്കരന്‍ മാത്രം കരുണാകരന് വഴങ്ങി മന്ത്രിസ്ഥാനം രാജിവെച്ചേക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പരിഹരിയ്കാന്‍ നടപടി സ്വീകരിയ്കുന്നില്ലെന്ന ന്യായം പറഞ്ഞ് രാജി വയ്കാനാണ് കരുണാകരന്‍ സ്വന്തം ഗ്രൂപ്പിലെ മന്ത്രിമാരെ ഉപദേശിച്ചത്.
ഐ ഗ്രൂപ്പ് പിളര്‍പ്പ് ഒഴിവാക്കാന്‍ തിരുവനന്തപുരത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി ആന്റണി തങ്ങളെ സംരക്ഷിക്കുമെങ്കില്‍ രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് കെ.വി. തോമസും കടവൂര്‍ ശിവദാസനും പറഞ്ഞതായി അറിയുന്നു. ഫിബ്രവരി 12 ചൊവാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഐ ഗ്രൂപ്പ് യോഗം മന്ത്രിമാരുടെ രാജിയടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യും. ഐ ഗ്രൂപ്പില്‍ നിന്ന് കെ മുരളീധരനെ ഒഴിവാക്കണമെന്ന അഭിപ്രായവും പല ഐ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഉണ്ട്. ഇതും ചര്‍ച്ച ചെയ്യും.
നേരത്തെ മുരളീധരന്‍ തന്നെ ധിക്കരിച്ചതിലുള്ള അമര്‍ഷം കെട്ടടങ്ങും മുമ്പാണ് കരുണാകരന് തന്റെ ഗ്രൂപ്പിലെ മന്ത്രിമാരില്‍ നിന്നുള്ള രണ്ടാമത്തെ ആഘാതം. മകന്‍ പൂര്‍ണ്ണമായും ലീഡറെ കയ്യൊഴിഞ്ഞ മട്ടാണ്. അതോടെ ഇനി ഐ ഗ്രൂപ്പിന്റെ നേതൃത്വം മകള്‍ക്ക് കൈമാറാനാണ് കരുണാകരന്റെ നീക്കം. പക്ഷെ മുരളി പോട്ടെ, ഇനി മകളുടെ കൂടി നേതൃത്വം താങ്ങാന്‍ വയ്യെന്ന നിലപാടിലാണ് ഐ ഗ്രൂപ്പിലെ പല മുതിര്‍ന്ന നേതാക്കളും. മാത്രമല്ല, കരുണാകരന്റെ പ്രായാധിക്യവും കരുണാകരനോട് കൂറുകാണിച്ചിട്ട് കാര്യമില്ലെന്ന നിലപാടിലേക്ക് ഐ ഗ്രൂപ്പിലെ പലരെയും എത്തിച്ചിരിക്കുകയാണ്.
അതീവരഹസ്യമായാണ് കരുണാകരന്‍ തന്റെ ഗ്രൂപ്പിലെ മൂന്നു മന്ത്രിമാരോടും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ശങ്കരനൊഴികെ മറ്റ് രണ്ടുപേരും ഗ്രൂപ്പ് പ്രശ്നത്തിന്റെ പേരില്‍ രാജിയ്ക്ക് തയ്യാറല്ലെന്ന് തുറന്നു പറഞ്ഞതായറിയുന്നു.
മുരളീധരന്‍ പുറത്തിറക്കിയ ഡിസിസി പുന:സംഘടനാലിസ്റില്‍ ഐ ഗ്രൂപ്പ് പ്രതിനിധികളില്‍ പലരും കരുണാകരന് താല്പര്യമില്ലാത്തവരാണ്. കരുണാകരന്റെ താല്പര്യപ്രകാരം പത്മജ നിര്‍ദേശിച്ച പേരുകളിലധികവും മുരളി ഒഴിവാക്കിയിരുന്നു. കരുണാകരന്റെ വിശ്വസ്തനായ പി.കെ. വേലായുധനടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് മുരളീധരന്‍ ഷോകോസ് നോട്ടീസ് നല്കിയതും കരുണാകരനെ ചൊടിപ്പിച്ചു. ഇതിനെല്ലാം പുറമെ കരുണാകരനെതിരെ സോണിയാഗാന്ധിക്ക് പരാതി നല്കിയതിനെക്കുറിച്ച് ഹൈക്കമാന്റ് അച്ചടക്കനടപടി സ്വീകരിക്കാനിരിക്കുകയാണ്. യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കരുണാകരനോട് ഹൈക്കമാന്റ് വിശദീകരണം ചോദിക്കും.
തന്റെ ആധിപത്യം പാര്‍ട്ടിയില്‍ നിലനിര്‍ത്താനുള്ള അവസാനത്തെ പോരാട്ടമാണ് കരുണാകരന്‍ ഇപ്പോള്‍ നടത്തുന്നത്.












Click it and Unblock the Notifications