പ്രേമിച്ചു കെട്ടി; വരനെ കെട്ടിയിട്ട് തല്ലി
കാഞ്ഞിരപ്പള്ളി: പ്രേമിച്ച് വിവാഹം കഴിച്ചതിന് ഉറ്റവരുടെ കയ്യില്‍ നിന്നുമുള്ള സമ്മാനം ഇത്രയും കടുത്തതായിരിക്കുമെന്ന് കമിതാക്കള്‍ കരുതിയില്ല. നവവധൂവരന്മാര്‍ ഇപ്പോള്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.
കാഞ്ഞിരപ്പള്ളി നെടമാവിലാണ് സംഭവം. നെടുമാവില്‍ ഓട്ടോഡ്രൈവറായ പ്രസാദും ശ്രീജയും അയല്‍വാസികളാണ്. ആറുവര്‍ഷം ഇരുവരും പ്രേമിച്ചു. എന്നാല്‍ ഇവരുടെ വിവാഹത്തിനോട് പ്രസാദിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു.
കഴിഞ്ഞദിവസം പ്രസാദ് ശ്രീജയെ രജിസ്റര്‍ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയ പ്രസാദിനെയും ശ്രീജയെയും പ്രസാദിന്റെ സഹോദരന്മാരും അവരുടെ ഭാര്യമാരും ചേര്‍ന്ന് തടഞ്ഞു. പിന്നീട് അവര്‍ പ്രസാദിനെ കയ്യും കാലും കൂട്ടിക്കെട്ടി മുറ്റത്തിട്ട ശേഷം വിറകുകൊണ്ടും തൂമ്പ കൊണ്ടും അടിച്ചു. പ്രസാദിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന ശ്രീജയ്ക്കും അടിയേറ്റു.
പ്രസാദിന്റെ കൈക്കും കാലിനും മുഖത്തും പരിക്കുണ്ട്. ശ്രീജയുടെ കൈകള്‍ക്കാണ് പരിക്ക്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആരെയും വീട്ടിലേക്ക് കയറാന്‍ പ്രസാദിന്റെ സഹോദരന്മാര്‍ സമ്മതിച്ചില്ല. രണ്ടുമണിക്കൂര്‍ നേരം പ്രസാദ് ബന്ധനത്തിലായിരുന്നു. അടിയേറ്റ ശ്രീജ തലകറങ്ങി വീണു. ഒടുവില്‍ പള്ളിക്കത്തോട് പൊലീസെത്തിയാണ് പ്രസാദിനെ മോചിപ്പിച്ചത്.












Click it and Unblock the Notifications