ശ്രീ ശ്രീ രവിശങ്കര്‍ ഫിബ്രവരി 16ന് കേരളത്തില്‍
ബാംഗ്ലൂര്‍: ശ്രീ ശ്രീ രവിശങ്കര്‍ അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കുന്ന ധ്യാനസംഗമത്തിനായി ഫിബ്രവരി 16ന് കേരളത്തിലെത്തും. കൊച്ചി അന്താരാഷ്ട്രസ്റേഡിയത്തില്‍ ഫിബ്രവരി 17നാണ് ധ്യാനസംഗമം. വൈകീട്ട് നാല് മണിക്ക് മഹാസുദര്‍ശനക്രിയ ആരംഭിക്കും. തുടര്‍ന്ന് ആറിന് ദിവ്യസത്സംഗം, ധ്യാനം എന്നിവ നടക്കും.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് വിപുലമായ യാത്രാസൗകര്യം ഒരുക്കും. 200 വിദേശികള്‍ അടക്കം 250 അംഗസംഘം ഗുരുജിയെ അനുഗമിക്കുന്നുണ്ട്. ശ്രീ ശ്രീ രവിശങ്കറിന്റെ കേരളാസന്ദര്‍ശനത്തോടനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കുന്ന ശ്രീ ശ്രീ ദര്‍ശനം കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ രവിശങ്കര്‍ പ്രകാശനം ചെയ്യും.
ശ്രീ ശ്രീ രവിശങ്കര്‍ എഴുതിയ ഹിന്ദുയിസം ഇസ്ലാം എന്ന പുസ്തകം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഒരു കോപ്പി നല്കി പ്രകാശനം ചെയ്യും. രവിശങ്കറിന്റെ കേരളയാത്രയ്ക്കിടയിലായിരിക്കും ഈ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം. ഫിബ്രവരി 16ന് രവിശങ്കര്‍ ശബരിമല സന്ദര്‍ശിക്കും.
ഫിബ്രവരി 18ന് വൈകീട്ട് 5.30ന് കായംകുളം പട്ടാണിപ്പറമ്പില്‍ ഗുരുവിന്റെ ദിവ്യസത്സംഗം നടക്കും. ഫിബ്രവരി 20ന് തിരുവനന്തപുരത്ത് ദിവ്യസത്സംഗം നടക്കും. വൈകീട്ട് നാലിന് മഹാസുദര്‍ശനക്രിയയും ആറ് മണിക്ക് ദിവ്യസത്സംഗവും.
ഫിബ്രവരി 19ന് വൈകീട്ട് തിരുവനന്തപുരത്ത് ആഗോളവല്ക്കരണവിരുദ്ധസെമിനാറില്‍ ഗുരുജി പ്രഭാഷണം നടത്തും. വന്ദനശിവ, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വീരേന്ദ്രകുമാര്‍ എന്നിവരും സംസാരിക്കും. ഈ ദിവസങ്ങളില്‍ ഗുരുജി കേരളാസര്‍ക്കാരിന്റെ അതിഥിയായിരിക്കും. വിവിധ മതനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications