സമരം പൂര്‍ണം : എസ്മ ഏശുന്നില്ല
തിരുവനന്തപുരം : ഇരുവിഭാഗവും കടുംപിടിത്തം തുടരവെ സമരം ഏഴാം ദിവസവും പൂര്‍ണമാണ്. കോഴിക്കോട് രണ്ട് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തു. ഇവരെ അറസ്റു ചെയ്തിട്ടില്ല. സമരത്തിനെതിരെ നാട്ടുകാരും സംഘടനകളും കൂടുതല്‍ രംഗത്തു വരുന്നതോടെ വരും നാളുകളില്‍ സംഘര്‍ഷം രൂക്ഷമാകും. മലബാറില്‍ നാട്ടുകാരുടെ സംരക്ഷണത്തില്‍ ചില സ്ക്കൂളുകള്‍ പ്രവര്‍ത്തിച്ചു.
വിവിധ സംഘടനാ നേതാക്കളായ അഞ്ചുപേരെ ഫിബ്രവരി 12 ചൊവാഴ്ച അറസ്റു ചെയ്തിട്ടുണ്ട്. സമരക്കാരും ഭരണപക്ഷ സംഘടനകളും പലേടത്തും ഏറ്റുമുട്ടി. കൊല്ലത്ത് ജീവനക്കാരും ജെഎസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ആലപ്പുഴയില്‍ എഐവൈഎഫ് പ്രവര്‍ത്തകരും പൊലീസുമായി വാക്കേറ്റം നടന്നു. ജോലിക്കെത്തിയവരെ തടഞ്ഞ 10 പേരെ ഇവിടെ അറസ്റു ചെയ്തു.
കോട്ടയത്ത് ക്ലാസെടുക്കുന്നത് തടയാന്‍ വന്ന അദ്ധ്യാപകരെ നാട്ടുകാര്‍ പൂട്ടിയിട്ടു. ചൊവാഴ്ച രാവിലെയാണ് സംഭവം. വൈകുന്നതു വരെ അവരെ തുറന്നു വിട്ടിട്ടില്ല. പൊലീസെത്തിയതിനു ശേഷം മോചിപ്പിക്കാമെന്ന നിലപാടിലാണ് നാട്ടുകാര്‍.
മണര്‍കാടും നാട്ടുകാരും അദ്ധ്യാപകരുമായി വാക്കേറ്റമുണ്ടായി. സമരത്തിലില്ലാത്ത അദ്ധ്യാപകര്‍ ഒപ്പിട്ടിട്ടു പോകാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. സമരക്കാര്‍ക്കനുകൂലമായ നിലപാട് ഹെഡ്മിസ്ട്രസും സ്വീകരിച്ചതോടെ സംഘര്‍ഷം മൂത്തു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
സമരം മറ്റു മേഖലകളിലേയ്ക്കു കൂടി വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. സമരം അനിശ്ചിതമായി തുടരുന്നത്് സര്‍ക്കാരിനും ഭൂഷണമല്ലെന്ന് സെറ്റോ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. സമരം അടിച്ചമര്‍ത്തുമെന്ന ഡിജിപിയുടെ പ്രഖ്യാപനത്തെയും അവര്‍ വിമര്‍ശിച്ചു.
ജനദ്രോഹ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിബ്രവരി 18ന് എന്‍ജിഒ യൂണിയന്റെയും അസോസിയേഷന്റെയും ഓഫീസുകള്‍ക്ക് മുന്നിലേയ്ക്ക് മാര്‍ച്ചു നടത്താന്‍ പിഡിപി തീരുമാനിച്ചു.
19.5ശതമാനം പേര്‍ ജോലിയ്ക്ക് ഹാജരായതായി സര്‍ക്കാര്‍ പത്രക്കുറിപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications