ഇടിവെട്ടിയ ലീഡറെ...
തിരുവനന്തപുരം: ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ അവസ്ഥയിലാണിപ്പോള്‍ ലീഡര്‍. ഡി.സി.സി. പുന:സംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്തതിന്റെ അരിശം തീര്‍ക്കാനാണ് പുതിയ സമിതിയിലെ ഐ വിഭാഗം അംഗങ്ങളാരും യോഗത്തില്‍ പങ്കെടുകികേണ്ടെന്ന് തീരുമാനിച്ചത്. പക്ഷെ യോഗത്തില്‍ പങ്കെടുക്കാത്ത അംഗങ്ങള്‍ക്കു പകരം പുതിയ അംഗങ്ങളെ ചേര്‍ക്കുമെന്ന നിലപാടിലാണ് കെ.പി.സി.സി. അദ്ധ്യക്ഷന്‍.
പക്ഷെ എത്ര ഇടിവെട്ടിയാലും എത്ര പാമ്പുകടിച്ചാലും അതെല്ലാം അതിജീവിച്ചു വരാന്‍ കഴിവുള്ളയാളാണ് ലീഡര്‍. അദ്ദേഹം അത് പല തവണ തെളിയിച്ചിട്ടുമുണ്ട്. അത് നല്ലപോലെ അറിയുന്നതുകൊണ്ടാണ് അനുയായികള്‍ അദ്ദേഹത്തെ വിട്ടുപോകാത്തതും. അതാണ് ലീഡറുടെ ശക്തിയും. ലീഡറുടെ ഈ ശക്തി കോണ്‍ഗ്രസിനെന്നല്ല, മറ്റു പാര്‍ട്ടിക്കാര്‍ക്കും നന്നായി അറിയാം. എന്നിട്ടും ലീഡര്‍ക്കെതിരെ കളിക്കാന്‍ മുരളിയെ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് ലീഡര്‍ക്ക് പോലും പിടികിട്ടുന്നില്ല.
തന്നെ മകന്‍, അല്ല കെ.പി.സി.സി. അദ്ധ്യക്ഷന്‍ അംഗീകരിക്കാത്തത് മാത്രമല്ല ലീഡറുടെ അരിശം. മുഖ്യമന്ത്രി ആന്റണിയെ ആവശ്യത്തില്‍ കൂടുതല്‍ സംരക്ഷിക്കുന്നതിലാണ്. പ്രതിപക്ഷനേതാവിനേക്കാള്‍ ഭംഗിയായി, ഭരണപക്ഷത്തിരുന്നുകൊണ്ട് ആ റോള്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് ലീഡര്‍. പക്ഷെ പ്രതിപക്ഷത്തുള്ളവരും ഐ വിഭാഗത്തിലെ ചിലരും മാത്രമാണ് ഇത് സന്തോഷത്തോടെ സ്വീകരിക്കുന്നത്. മറ്റുള്ളവര്‍ ഇതിനെ കാരണവരുടെ ജല്പനങ്ങള്‍ എന്ന രീതിയില്‍ തള്ളിക്കളയുകയാണ്.
ഐ ഗ്രൂപ്പ് രൂപീകരിച്ചതുമുതല്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയവര്‍ ഇപ്പോള്‍ മകനെ മുന്നില്‍ നിര്‍ത്തി കുത്തിയെന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നാണ് ഡി.സി.സി. പുന:സംഘടനയില്‍ പ്രാതിനിധ്യം കുറഞ്ഞതിനെക്കുറിച്ച് ലീഡറുടെ ഏറ്റവും പുതിയ പ്രതികരണം. തല്ലിയവന്‍ മറന്നാലും തല്ലു കൊണ്ടവന്‍ മറക്കില്ലെന്നാണല്ലോ പ്രമാണം. പക്ഷേ ലീഡര്‍ എല്ലാം മറക്കും, പൊറുക്കും. കോണ്‍ഗ്രസിനെ തെറിപറഞ്ഞും കോണ്‍ഗ്രസുകാരെ ആക്രമിക്കുന്നതിന് കൂട്ടുനിന്നും നടന്നിരുന്ന എം.വി. രാഘവനെ സി.പി.എം. തള്ളിപ്പറഞ്ഞപ്പോള്‍ ലീഡര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ആരും മറന്നിട്ടില്ല. പക്ഷേ എല്ലാം അദ്ദേഹം മറക്കുമെന്ന് കരുതരുത്. ജാത്രതൈ...
1996 ല്‍ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ പ്രതികാരമാണല്ലോ ഇപ്പോള്‍ അദ്ദേഹം ആന്റണിയോട് തീര്‍ത്തുകൊണ്ടിരിയ്കുന്നത്.












Click it and Unblock the Notifications