എങ്കിലും എന്റെ നായനാരേ....
തിരുവനന്തപുരം: ഈ നായനാരുടെ ഒരു കാര്യം. തന്റെ ഭരണകാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ശമ്പളം അധികം നല്‍കിപ്പോയെന്ന് അദ്ദേഹത്തിന് ബോധോദയം. അത് പൊതുവേദിയില്‍ സമ്മതിക്കുകയും ചെയ്തു. ആന്റണിഭരണത്തെ വിമര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഇത് പറഞ്ഞതെങ്കിലും പറഞ്ഞത് പറഞ്ഞതുതന്നെ.
നായനാര്‍ക്ക് നാക്കിന് ലൈസന്‍സില്ലെന്ന് പാര്‍ട്ടിയിലെ പ്രീയ സഖാക്കള്‍ തന്നെ പറയുന്നത് വെറുതെയാണോ?
കണ്ണൂരിലെ കോട്ടച്ചേരി കോ - ഓപ്പറേറ്റീവ് സ്റോഴ്സ് ഓഫീസ് കെട്ടിടത്തിന്റെ ഉത്ഘാടനം നിര്‍വഹിയ്കുന്നിനിടയിലാണ് നായനാര്‍ ഈ കുമ്പസാരം നടത്തിയത്.
അങ്ങനെ ഒരു അബദ്ധം തന്റെ കാലത്ത് നടന്നിട്ടുണ്ടെങ്കില്‍തന്നെ ഇപ്പോള്‍ അത് സമ്മതിക്കാമോ? മുഖ്യമന്ത്രിക്ക് സമരക്കാരെ നേരിടാന്‍ നല്ലൊരു ആയുധമല്ലേ അത്. മുന്‍ സര്‍ക്കാര്‍ അധികം നല്‍കിയ ആനുകൂല്യങ്ങളാണ് താന്‍ പിന്‍വലിച്ചത് എന്നെങ്ങാനും ആന്റണി പറഞ്ഞാല്‍, അത് നായനാര്‍ പോലും സമ്മതിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ സമരത്തിന്റെ ഗതി എന്താകും.
ആന്റണി ഈ തുറുപ്പുചീട്ട് ഉപയോഗിക്കുമോയെന്ന് കണ്ടറിയണം. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തെ തന്നെ ചിലരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും എതിര്‍പ്പിനെ ചെറുത്തു നില്‍ക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി ഇപ്പോള്‍. അതിനിടയില്‍ നായനാര്‍ ഇട്ടുകൊടുത്ത ഈ കച്ചിത്തുരുമ്പ് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെടുമോ? കണ്ടറിയാം.












Click it and Unblock the Notifications