സമരം ശക്തം : സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി
തിരുവനന്തപുരം : പ്രൊബേഷനിലുളള സമരക്കാര്‍ ഒരു ദിവസത്തിനകം ജോലിയ്ക്കു ഹാജരായില്ലെങ്കില്‍ അവരെ പിരിച്ചുവിടാന്‍ മന്ത്രിസഭ തീരുമാനിച്ചു. പകരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നിയമനം നടത്തും. ദിവസക്കൂലിക്കാരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമനം ലഭിച്ചവരും ഫിബ്രവരി 14 ന് ജോലിയ്ക്കു ഹാജരായില്ലെങ്കില്‍ പിരിച്ചുവിടാന്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്ത കാര്‍ഡുമായി ഹാജരാകുന്നവരെ പകരം നിയമിക്കാന്‍ ഉത്തരവു നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ ലേഖകരെ അറിയിച്ചു. ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നതോടെ സമരം പുതിയ ഭാവം പ്രകടിപ്പിക്കും.
പണിമുടക്കില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുമെന്നും ഒരു ഭീഷണിയ്ക്കും കീഴടങ്ങില്ലെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുളള മിക്ക സര്‍ക്കാര്‍ ഓഫീസുകളും എട്ടാം ദിവസവും അടഞ്ഞു കിടന്നു.
ഭരണപക്ഷ സംഘടനകളെ പണിമുടക്കില്‍ നിന്നും പിന്തിരിക്കാനുളള ശ്രമം നടക്കുന്നുണ്ടെങ്കിലും വഴങ്ങില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളും നടന്നു.
അവശ്യസര്‍വീസായി പ്രഖ്യാപിച്ച ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. സെക്രട്ടേറിയറ്റിലും ഹാജര്‍ നില കുറവായിരുന്നു. അഡീഷണല്‍ സെക്രട്ടറി വരെയുളള ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ഹാജരാകണമെന്ന ഉത്തരവും ലംഘിക്കപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ ആരും ജോലിയ്ക്ക് ഹാജരായില്ല.
വിവിധ സര്‍വകലാശാലകളും സ്തംഭനത്തിലാണ്. കോളെജുകളും സ്ക്കുളുകളും അടഞ്ഞുതന്നെ കിടക്കുന്നു. പണിമുടക്കാഹ്വാനം ചെവിക്കൊളളാതെ അദ്ധ്യയനം നടത്തിയ സ്ക്കൂളുകളിലേയ്ക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചു. തുടര്‍ന്ന് പല സ്ക്കൂളുകളും അടച്ചു.












Click it and Unblock the Notifications