യുപി, മണിപ്പൂര്‍: 70 ശതമാനം പോളിംഗ്
ലഖ്നോ: യുപി, മണിപ്പൂര്‍, ഉത്തരാഞ്ചല്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ വോട്ടെടുപ്പില്‍ ഏകദേശം 70 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയതായി ആദ്യവട്ടക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ചില്ലറ അക്രമങ്ങള്‍ അങ്ങിങ്ങ് നടന്നുവെങ്കിലും തിരഞ്ഞെടുപ്പ് പൊതുവെ ശാന്തം. ഈ മൂന്നുസംസ്ഥാനങ്ങളില്‍ ആകെ 202 നിയമസഭാസീറ്റുകളില്‍ 2,400 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു.
ഉത്തര്‍ പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാരായ മായാവതി, കല്യാണ്‍സിംഗ്, ഇപ്പോഴത്തെ മുഖ്യമന്ത്രി രാജ്നാഥ്സിംഗ്, ഉത്തരാഞ്ചല്‍ മുഖ്യമന്ത്രി ഭഗദ് സിംഗ് കോഷിയാരി, മുന്‍ മുഖ്യമന്ത്രി നിത്യാനന്ദ് സ്വാമി, മണിപ്പൂരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരായ ഡബ്ല്യു. നിപമാച സിംഗ്, രാധാബിനോദ് കൊയ്ജാം, ആര്‍.കെ. ദൊരേന്ദ്രസിംഗ് എന്നിവര്‍ പ്രധാനസ്ഥാനാര്‍ത്ഥികളാണ്.
ഉത്തര്‍ പ്രദേശില്‍ 92സീറ്റുകളും മണിപ്പൂരില്‍ 40 സീറ്റുകളും ഉത്തരാഞ്ചലില്‍ 70സീറ്റുകളുമാണുള്ളത്. ഇതില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ നിര്‍ണ്ണായകമാകും. ഉത്തര്‍പ്രദേശില്‍ മനുഷ്യവിഭവശേഷി മന്ത്രി മുരളീമനോഹര്‍ ജോഷിയ്ക്കെതിരെ ആക്രമണശ്രമം നടന്നു. ആദ്യമായി ഇവിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു.
മണിപ്പൂരില്‍ എട്ടുലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളില്‍ എത്തും. ഇത് മണിപ്പൂരിലെ ആദ്യഘട്ടം തിരഞ്ഞെടുപ്പാണ്. ഉത്തര്‍ പ്രദേശില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ നടന്നു. ഇംഫാലിലെ മൊയ്രാംഗ്പുരേലില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ അക്രമികള്‍ വെടിവച്ച് കൊന്നു.
ഉത്തരാഞ്ചലില്‍ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.












Click it and Unblock the Notifications