ആര്‍സിസിയെ സര്‍ക്കാര്‍ കുറ്റവിമുക്തമാക്കി
തിരുവനന്തപുരം : മരുന്നു പരീക്ഷണ വിവാദത്തില്‍ ആര്‍സിസിയെ കുറ്റവിമുക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ ആര്‍സിസിയും ഡോ.കൃഷ്ണന്‍നായരും കുറ്റവിമുക്തരാക്കപ്പെട്ടു. വിവാദം അന്വേഷിച്ച ഡോ. പര്‍വേശ് പരീഖിന്റെ ശിപാര്‍ശകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആന്റണി അറിയിച്ചു.
വിവാദ പരീക്ഷണത്തിന്റെ എല്ലാ വിവരങ്ങളും യഥാസമയം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിനെ അറിയിക്കാത്തതിന് ആര്‍സിസി ഡയറക്ടര്‍ കൃഷ്ണന്‍ നായരെ കര്‍ശനമായി താക്കീതു ചെയ്യണമെന്ന് ഡോ.പരീഖിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. മേലിലെ എല്ലാ പരീക്ഷണങ്ങളും ഡ്രഗ്സ് കണ്‍ട്രോറുടെ അനുമതിയോടെ മാത്രം നടത്തുക, വിവാദത്തിലിടപെട്ട് അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിയ ഡോ.മനോജ് പാണ്ഡേ, ഡോ.വി.എന്‍.ഭട്ടതിരി എന്നിവരെ താക്കീതു ചെയ്യുക, ഭട്ടതിരിയുടെ ഗവേഷണങ്ങളെപ്പറ്റി പുതിയ അന്വേഷണം നടത്തുക എന്നിവയാണ് ഡോ. പരീഖിന്റെ ശിപാര്‍ശകള്‍. ഇവയില്‍ എന്തു നടപടി വേണമെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടില്ല.
പരീഖിന്റെ റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്തിനാകെ അഭിമാനമായ ആര്‍സിസിയെ പോറലേല്‍പ്പിക്കരുതെന്നാണ് മന്ത്രിസഭയുടെ പൊതുനിലപാടെന്ന് ആന്റണി അറിയിച്ചു.
പ്രശ്നം പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ശിപാര്‍ശ ചെയ്തത്. ഇന്ത്യയില്‍ കാന്‍സര്‍ ചികിത്സയ്ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന ആര്‍സിസിയെ ഫലപ്രദമായി നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications