കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫാം കത്തോലിക്കാ സഭയുടെ പോഷകഘടകം ?

  • By Staff
Google Oneindia Malayalam News

കോട്ടയം : ഇന്‍ഫാം മതസംഘടനയാണെന്ന ആരോപണം ശക്തമാകുന്നു. സംഘടനയുടെ നിയമാവലിയുസരിച്ച് ഇന്‍ഫാം കര്‍ഷക സംഘടനയല്ലെന്നും കത്തോലിക്കാ മെത്രാന്മാരുടെ പോഷകസംഘടന മാത്രമാണെന്നുമാണ് ആരോപണം. ഓശാനാ സപ്ലിമെന്റ് വാരികയുടെ മാര്‍ച്ച് ലക്കത്തില്‍ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ലേഖനത്തിലാണ് ഇന്‍ഫാമിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിക്കുന്നത്.

കര്‍ഷകരുടെ പേരു പറഞ്ഞ് ശബ്ദമുയര്‍ത്തുന്ന ഇന്‍ഫാം കത്തോലിക്ക മത സംഘടനയാണെന്നാണ് ജോസഫ് പുലിക്കുന്നേല്‍ ആരോപിക്കുന്നത്. സംഘടന കൊണ്ട് കര്‍ഷകര്‍ക്ക് പ്രത്യേക ഉപയോഗമൊന്നും ഉണ്ടാകില്ല. സഭയെ അസ്വസ്ഥമാക്കുന്ന ആന്തരിക പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുളള അടവാണ് ഇന്‍ഫാം രൂപീകരണമെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

പൊന്‍കുന്നം സബ്രജിസ്ട്രാര്‍ ഓഫീസില്‍ 2000 ഡിസംബര്‍ ഏഴാം തീയതി 3232001നാലാം നമ്പര്‍ ട്രസ്റായാണ് ഇന്‍ഫാം രജിസ്റര്‍ ചെയ്തിരിക്കുന്നത്. ട്രസ്റിന്റെ നിയമാവലി പ്രകാരം ഫൗണ്ടര്‍ ട്രസ്റീസ്, നോമിനേറ്റഡ് ട്രസ്റീസ്, ഇലക്ടഡ് ട്രസ്റീസ് എന്നീ മൂന്നു വിഭാഗങ്ങളിലെ ട്രസ്റിമാര്‍ ചേര്‍ന്നതാണ് ഇന്‍ഫാമിന്റെ ജനറല്‍ അസംബ്ലി.

ട്രസ്റിമാരുടെ തിരഞ്ഞെടുപ്പില്‍ സഭയുടെ നിയന്ത്രണം ഉറപ്പിക്കും വിധമാണ് നിയമാവലി രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ രൂപതകളിലെ അദ്ധ്യക്ഷന്മാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരാണ് ഫൗണ്ടര്‍ ട്രസ്റിമാര്‍. ഓരോ രൂപതയ്ക്കും ഒരു വൈദികനെയും ഒരു കര്‍ഷകനെയും നാമനിര്‍ദ്ദേശം ചെയ്യാം.

യൂണിറ്റ്, പഞ്ചായത്ത്, ജില്ലാക്കമ്മിറ്റികള്‍ വഴി തിരഞ്ഞെടുത്തു വരുന്നവരാണ് ഇലക്ടഡ് ട്രസ്റീസ്. ജില്ലയില്‍ നിന്നും ഒരാള്‍ വീതമാണുണ്ടാവുക. എന്നാല്‍ 500 ല്‍ കൂടുതല്‍ യൂണിറ്റുകളുളള ജില്ലയില്‍ നിന്നും ഒരു പ്രതിനിധിയെക്കൂടി തിരഞ്ഞെടുക്കാം.

മറ്റു പ്രഗത്ഭരായ വ്യക്തികളില്‍ നിന്നും ഫൗണ്ടര്‍ ട്രസ്റിമാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരാണ് നോമിനേറ്റഡ് ട്രസ്റിമാര്‍. ഭരണ സംവിധാനത്തെക്കുറിച്ചും ഭാരവാഹികളെക്കുറിച്ചും പറയുന്നിടത്ത് നിയമാവലിയില്‍ രൂപതാദ്ധ്യക്ഷന്‍മാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഫൗണ്ടര്‍ട്രസ്റിമാര്‍ക്ക് ഭീമമായ പ്രാതിനിധ്യവും പ്രാമുഖ്യവും കല്‍പ്പിച്ചിരിക്കുന്നു.

ഇന്‍ഫാം ജനറല്‍ അസംബ്ലിയില്‍ നിന്നും പരമാവധി 21 അംഗങ്ങളുളള മാനേജിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതില്‍ 12 പേര്‍ ഫൗണ്ടര്‍ ട്രസ്റിമാരില്‍ നിന്നും ആറുപേര്‍ ഇലക്ടഡ് ട്രസ്റിമാരില്‍ നിന്നും മൂന്നു പേര്‍ നോമിനേറ്റഡ് ട്രസ്റിമാരില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.

അംഗസംഖ്യ 21ല്‍ കുറവാണെങ്കില്‍ ഫൗണ്ടര്‍, ഇലക്ടഡ്, നോമിനേറ്റഡ് ട്രസ്റിമാരുടെ മാനേജിംഗ് കമ്മിറ്റി പ്രാതിനിധ്യം 9:2:1 എന്ന അനുപാതത്തിലായിരിക്കും. വിഭജനത്തില്‍ ലഭിക്കുന്നത് പൂര്‍ണസംഖ്യയില്ലെങ്കില്‍ ഫൗണ്ടര്‍ ട്രസ്റിമാരുടെ അംഗസംഖ്യയാണ് വര്‍ദ്ധിപ്പിക്കേണ്ടത്. അതായത് 12 അംഗങ്ങളുളള ഭരണസമിതിയില്‍ ഒമ്പതു പേരും മെത്രന്മാരുടെ പ്രതിനിധികള്‍. കര്‍ഷകപ്രാതിനിധ്യം നാമമാത്രമാണെന്നും പുലിക്കുന്നേല്‍ ചൂണ്ടിക്കാട്ടുന്നു.

ഇതൊന്നും മനസിലാക്കാത്ത മാദ്ധ്യമങ്ങള്‍ ഇന്‍ഫാമിന് അമിത പ്രാധാന്യം നല്‍കുകയാണ്. മാതൃഭൂമിയും ദീപികയും ഇതിനായി മത്സരിക്കുന്നു. എംആര്‍എഫിന്റെ ഏജന്റായി മനോരമയെ ചിത്രീകരിച്ച് അവരുടെ കോട്ടയം ഓഫീസിനു നേരെ ഇന്‍ഫാം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ വരിക്കാരുടെ എണ്ണം കുറയുമെന്ന് ഭയന്ന് മനോരമയും ഇപ്പോള്‍ ഇന്‍ഫാം സ്തുതി പാടുന്നുവെന്ന് ലേഖനത്തില്‍ ആക്ഷേപിക്കുന്നു.

കേരളത്തില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും കര്‍ഷക സംഘടനകളുണ്ട്. അവരുടെ രാഷ്ട്രീയാഭിമുഖ്യം അവര്‍ തുറന്നു പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മെത്രാന്മാര്‍ സത്യം തുറന്നു പറയാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജോസഫ് പുലിക്കുന്നേല്‍ ആരോപിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X