കാശ്മീര്‍ : പാക് ആവശ്യം അമേരിക്ക തളളി
വാഷിംഗ്ടണ്‍ : കാശ്മീര്‍ പ്രശ്നത്തില്‍ മാദ്ധ്യസ്ഥം വഹിക്കണമെന്ന പാകിസ്താന്‍ ആവശ്യം അമേരിക്ക തളളി. ഇതോടെ കാശ്മീരില്‍ അമേരിക്കയെ ഇടപെടുത്താനുളള മുഷാറഫിന്റെ നീക്കത്തിനു തിരിച്ചടിയേറ്റു.
അര്‍ത്ഥപൂര്‍ണമായ ഉഭയകക്ഷി ചര്‍ച്ചയാണ് പ്രശ്നപരിഹാരത്തിനുളള മാര്‍ഗമെന്ന് ബുഷ് മുഷാറഫിനെ ഓര്‍മ്മിപ്പിച്ചു. ഏതുതരത്തിലും സഹായിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്നും എന്നാല്‍ മദ്ധ്യസ്ഥന്മാര്‍ വഴി പ്രശ്നം പരിഹരിക്കാനാവുമെന്ന് യുഎസ് കരുതുന്നില്ലെന്നും ദേശീയ സുരക്ഷാ ഉപദേശക കോണ്‍ഡോളീസാ റൈസ് പ്രസ്താവിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുളള ഏതു ചര്‍ച്ചയെയും തങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിലേയ്ക്കുളള ബുഷിന്റെ സന്ദര്‍ശന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു അവര്‍.
ദില്ലി പാര്‍ലമെന്റാക്രമണത്തിമു പിന്നില്‍ ഭീകരരാണെന്നതിനു തെളിവില്ലെന്ന മുഷാറഫിന്റെ പ്രസ്താവനയും റൈസ് നിഷേധിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പാര്‍ലമെന്റാണ് ആക്രമിക്കപ്പെട്ടത്. ഇത് തെളിയിക്കുന്നത് ആരും ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്നാണ്. സ്ഥിരതയുളള രാജ്യമായി നിലനില്‍ക്കണമെന്ന പാകിസ്താന്റെ ആഗ്രഹത്തിനു പോലും ഈ ആക്രമണം ഭീഷണിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബുഷുമായുളള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിലും മുഷാറഫ് അമേരിക്കയുടെ മാദ്ധ്യസ്ഥം ആവശ്യപ്പെട്ടു. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആത്മാര്‍ത്ഥതയില്ലെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications