പിണറായിക്ക് സാധ്യത
കണ്ണൂര്‍: സിപിഎം സെക്രട്ടറിസ്ഥാനത്തേക്ക് ഇപ്പോള്‍ ആ സ്ഥാനം വഹിക്കുന്ന പിണറായി വിജയന്‍ വീണ്ടും തിരഞ്ഞെടുക്കുമെന്ന് ഏതാണ്ടുറപ്പായി. ഫിബ്രവരി 17 ഞായറാഴ്ച സിപിഎം സംസ്ഥാനസമ്മേളനനഗറിലെ അന്തരീക്ഷം അങ്ങിനെയൊരു സൂചനയാണ് നല്കുന്നത്.
പ്രതിനിധിചര്‍ച്ചകളില്‍ വിമര്‍ശനങ്ങളൊക്കെ ഉയരുന്നുണ്ടെങ്കിലും മുകള്‍ത്തട്ടിലുള്ള നേതാക്കളുടെ മുഖത്ത് ആകെക്കൂടി ഒരു സമാധാന അന്തരീക്ഷമാണ്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എല്ലാവര്‍ക്കും മനംമടുത്തമട്ടിലാണ് ചര്‍ച്ചകളുടെ പോക്ക്. ഐക്യം വേണമെന്ന സമ്മര്‍ദ്ദം എല്ലാ ഭാഗങ്ങളില്‍ നിന്നും ഉയരുന്നു.
പാലക്കാട് നടന്ന കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിലേതുപോലെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞാല്‍ കണ്ണൂര്‍ സമ്മേളനം തന്നെ റദ്ദാക്കും എന്നുവരെ കേന്ദ്രനേതൃത്വം ഗ്രൂപ്പുവൈരത്തിന്റെ നടുനായകര്‍ക്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. എന്തായാലും സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മത്സരമുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
മാത്രമല്ല, പാലക്കാടുണ്ടായതുപോലെ ഒരു മേല്‍ക്കൈ ഇക്കുറി സംസ്ഥാനസമ്മേളനപ്രതിനിധികളുടെ തലയെണ്ണിയാല്‍ വി.എസ്. അച്യുതാനന്ദനില്ല. അതുകൊണ്ട് ഒരു മത്സരത്തിനിറങ്ങിപ്പുറപ്പെട്ട് നാണം കെടേണ്ട എന്ന വീണ്ടുവിചാരത്തോടെയാണ് അച്യുതാനന്ദന്‍ പക്ഷം എന്നറിയുന്നു.
പിണറായിക്ക് ഒരവസരം കൂടി കൊടുക്കണമെന്ന അഭിപ്രായം പൊതുവേയുണ്ട്. കേന്ദ്രനേതൃത്വത്തിനും പിണറായിയുടെ കഴിവിലും ആത്മാര്‍ത്ഥതയിലും വിശ്വാസവുമാണ്. പ്രതിനിധി ചര്‍ച്ച ഫിബ്രവരി 17 ഞായറാഴ്ച വൈകീട്ട് അവസാനിക്കും. തുടര്‍ന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിന് പിണറായിയും സംഘടനാറിപ്പോര്‍ട്ടിന് സുര്‍ജിതും മറുപടി പറയും. ഫിബ്രവരി 18 തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് പുതിയ സെക്രട്ടറിയുടെയും സംസ്ഥാനകമ്മിറ്റിയുടെയും പാര്‍ട്ടി കണ്‍ട്രോള്‍കമ്മീഷന്റെയും തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications