സമരം രൂക്ഷമാകും
തിരുവനന്തപുരം: സമരത്തില്‍ നിന്ന് ഭരണകക്ഷി സംഘടനകളെ പിന്തിരിപ്പിക്കാന്‍ യുഡിഎഫ് അനുകൂല ട്രേഡ്യൂണിയനുകളുടെ നേതൃത്വത്തില്‍ നീക്കം. ഐഎന്‍ടിയുസി സംസ്ഥാന നേതാവ് സുരേഷ്ബാബുവടക്കം വിവിധ യുഡിഎഫ് അനുകൂല സംഘടനകളുടെ നേതാക്കള്‍ തലസ്ഥാനത്തെത്തിയിട്ടുണ്ട്.
ഇവര്‍ ഫിബ്രവരി 17ഞായറാഴ്ച യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ സമരത്തില്‍ നിന്നും ഭരണകക്ഷിസംഘടനകളെ പിന്തിരിപ്പിക്കാനുള്ള ഒരു ഫോര്‍മുല സമര്‍പ്പിച്ചതായി അറിയുന്നു. സമരം 13ാം ദിവസത്തിലേക്ക് കടക്കുന്ന ഫിബ്രവരി 18 തിങ്കളാഴ്ച ഭാവിനീക്കങ്ങള്‍ ആലോചിക്കാന്‍ ചേരുന്ന യുഡിഎഫ് ഉന്നതസമിതി യോഗത്തില്‍ ഈ ഫോര്‍മുല ചര്‍ച്ചചെയ്യും. എന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടിയില്‍ നിന്ന് സര്‍ക്കാര്‍ ഒരു കാരണവശാലും പിന്തിരിയരുതെന്ന അഭിപ്രായമാണ് യുഡിഎഫ് നേതാക്കള്‍ക്കുള്ളത്.
ഞായറാഴ്ച സര്‍ക്കാര്‍ അനുകൂലസംഘടനയായ സെറ്റോ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണനടത്തി. സമരത്തില്‍ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ലെന്ന് സെറ്റോ നേതാക്കള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. പ്രതിപക്ഷയൂണിയനുകള്‍ വീടുവീടാന്തരം കയറി സമരത്തെക്കുറിച്ച് പ്രചാരണം നടത്തി.
ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി ഒരു സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച സമരം കൂടുതല്‍ ശക്തമാക്കാനാണ് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡിവൈഎഫ്ഐ 200 കേന്ദ്രങ്ങളില്‍ ധര്‍ണ്ണനടത്തും. പിഡിപി സമരക്കാര്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ യൂണിയന്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.












Click it and Unblock the Notifications